തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന് ഉറപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. ഡി മണിയെന്നത് എംഎസ് മണിയുടെ വിളിപ്പേരാണെന്നാണ് അന്വേഷണ സംഘം പറയുന്നത്.
മറ്റുള്ളവരുടെ പേരിൽ മൂന്ന് ഫോൺ നമ്പറുകളുള്ള മണിക്ക് ഡിണ്ടിഗലിൽ വൻ ബന്ധങ്ങളുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. എന്നാൽ, ഡി.മണി താനല്ലെന്നും ശബരിമല കൊള്ളയുമായി തനിക്ക് യാതൊരു ബന്ധമില്ലെന്ന് ആവർത്തിക്കുകയാണ് ഇയാൾ. കേരള പോലീസും മാദ്ധ്യമങ്ങളും വേട്ടയാടുകയാണെന്നും മണി പ്രതികരിച്ചു.
അതേസമയം മണി കളവ് പറയുകയാണെന്ന നിഗമനത്തിലാണ് എസ്ഐടി. ശബരിമല സ്വർണക്കടത്തിലെ പങ്കാളിത്തം ഉറപ്പിക്കാൻ മണിയെ വിശദമായി ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ഇന്നലെ നടത്തിയ പരിശോധനയിലും ചോദ്യം ചെയ്യലിലും ഡി മണി അന്വേഷണ സംഘത്തോട് സഹകരിച്ചില്ല. മണിയുടെ ബാങ്ക് ഇടപാടുകളും എസ്ഐടി പരിശോധിക്കും.

