ദില്ലി: എൻഐഎ ഭേദഗതി ബില്ലിന്റെ ചർച്ചയ്ക്കിടെ ആഭ്യന്തരമന്ത്രി അമിത് ഷായും എഐഎംഐഎം നേതാവ് അസദുദീൻ ഒവൈസിയും തമ്മിൽ ലോക്സഭയിൽ രൂക്ഷമായ വാക്പോര് . ബിജെപി എംപി സത്യപാൽ സിംഗ് പ്രസംഗിക്കവെ ഒവൈസി തടസ്സപ്പെടുത്തിയിരുന്നു. ഇതാണ് അമിത് ഷായെ ചൊടിപ്പിച്ചത്.
ഒവൈസിയുടെ പ്രവർത്തിയെ കടുത്ത ഭാഷയിലാണ് അമിത് ഷാ വിമർശിച്ചത്. പ്രതിപക്ഷ നിരയിലേക്കു നോക്കി അമിത് ഷാ കുപിതനായി സംസാരിക്കവെ മറുപടിയുമായി എഴുന്നേറ്റ ഒവൈസി, പേടിപ്പിക്കാൻ നോക്കേണ്ടെന്നും തനിക്കുനേരെ വിരൽ ചൂണ്ടരുതെന്നും ആവശ്യപ്പെട്ടു. എന്നാൽ നിങ്ങളുടെ ഉള്ളിൽ പേടി ഉണ്ടെങ്കിൽ പിന്നെ ഞങ്ങൾ എന്തു ചെയ്യാനാണ് എന്നായിരുന്നു ഉരുളക്കുപ്പേരി പോലെ അമിത് ഷായുടെ മറുപടി.
ഒവൈസിയെക്കൂടാതെ കോൺഗ്രസും ഇന്ന് സഭയിൽ അമിത് ഷായുടെ വാക് ശരങ്ങൾക്കിരയായി. തീവ്രവാദം തടയുന്നതിന് നിലവിലുണ്ടായിരുന്ന പ്രിവന്‍ഷന്‍ ഓഫ് ടെററിസം ആക്ട് (പോട്ട) പിന്‍വലിച്ചതിന് മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അമിത് ഷാ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. പോട്ട പിന്‍വിച്ചത് അതിന്റെ ദുരുപയോഗം കാരണമല്ല. മറിച്ച് വോട്ട് ബാങ്കിന് വേണ്ടിയാണെന്നും അമിത് ഷാ ആരോപിച്ചു.
പോട്ട പിന്‍വലിച്ചത് തീവ്രവാദ ആക്രമണങ്ങള്‍ വര്‍ധിക്കാന്‍ കാരണമായി. വര്‍ധിച്ച ഭീകരാക്രമണങ്ങള്‍ കാരണമാണ് മുംബൈ ഭീകരാക്രമണത്തിന് ശേഷം യു പി എ സര്‍ക്കാരിന് എന്‍ ഐ എ രുപീകരിക്കേണ്ടി വന്നതെന്നും അമിത് ഷാ പറഞ്ഞു. എന്‍ ഐ എ ഭേദഗതി ബില്ലിന് എല്ലാ പാര്‍ട്ടികളും പിന്തുണ നല്‍കണമെന്നും സഭയിലെ ഭിന്നാഭിപ്രായങ്ങള്‍ തീവ്രവാദികളെ സന്തോഷിപ്പിക്കുകയേ ഉള്ളുവെന്നും അമിത് ഷാ പറഞ്ഞു.

