ദില്ല: ബിജെപി അധ്യക്ഷൻ അമിത് ഷാ രണ്ടാം മോദി മന്ത്രിസഭയിൽ ഉൾപ്പെടുമെന്ന് ഉറപ്പായി. ബിജെപി ഗുജറാത്ത് അധ്യക്ഷൻ ജിത്തു വഘാനി തന്റെ ട്വീറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. അമിത് ഷാ മോദി മന്ത്രിസഭയിലെ ധന മന്ത്രിയാകുമെന്നാണ് ദേശീയ മാധ്യമങ്ങൾ നൽകുന്ന സൂചന.
കേരളത്തിൽനിന്ന് വി. മുരളീധരനും എസ് ജയശങ്കറും മന്ത്രിയാകും. നിലവിൽ രാജ്യസഭാംഗമാണ് മുരളീധരൻ. എസ് ജയശങ്കർ മുൻ ഐ എഫ് എസ് ഉദ്യോഗസ്ഥനാണ്. കൂടാതെ സുഷമ സ്വരാജ്, നിർമല സീതാരാമൻ, സ്മൃതി ഇറാനി, രാജ്നാഥ് സിംഗ്, നിതിൻ ഗഡ്കരി, ധർമേന്ത്ര പ്രധാൻ, ഡോ. ഹർഷവർധൻ, കൃഷ്ണൻ പാൽ ഗുർജാർ, ശ്രീപാദ് നായിക്, നരേന്ദ്ര സിംഗ് തോമർ, സുരേഷ് പ്രഭു, റാവു ഇന്ദ്രജിത് സിംഗ്, വി.കെ സിംഗ്, സദാനന്ദ ഗൗഡ, അർജുൻ മേഘ്വാൾ, കിരൺ റിജിജു, രവിശങ്കർ പ്രസാദ്, പീയൂഷ് ഗോയൽ, പ്രകാശ് ജാവദേക്കർ, രാംദാസ് അത്വാലെ, ജിതേന്ദർ സിംഗ്, സുരേഷ് അംഗാഡി, ബാബുൾ സുപ്രിയോ, കൈലാഷ് ചൗധരി, പ്രഹ്ലാദ് ജോഷി, ജി. കിഷൻ റെഡ്ഡി എന്നിവരും പുതിയ മന്ത്രിസഭയിലുണ്ടാകും.
രാഷ്ട്രപതിഭവന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചടങ്ങിന് സാക്ഷിയാകാൻ ക്ഷണം ലഭിച്ച വിദേശരാഷ്ട്രത്തലവൻമാർ ഡൽഹിയിലെത്തി. എണ്ണായിരത്തോളം പേരാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നത്. ഒന്നര മണിക്കൂറോളം ദൈർഖ്യമുള്ള ചടങ്ങിൽ ഡൽഹി പൊലീസിലെയും അർധസൈനിക വിഭാഗങ്ങളിലെയും 10000 ഉദ്യോഗസ്ഥരെയാണു സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുള്ളത്. സത്യപ്രതിജ്ഞയ്ക്കു മുൻപായി മോദി, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി, മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി എന്നിവർക്കും രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച വീരജവാന്മാരുടെ സ്മാരകത്തിലും ആദരാഞ്ജലികൾ അർപ്പിച്ചു.

