ദില്ലി: സംസ്ഥാനങ്ങൾ ഉത്കണ്ഠ അറിയിച്ച് നിവേദനങ്ങൾ സമർപ്പിക്കുന്നതിന് മുൻപ് പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കണമെന്ന് കർശന നിർദ്ദേശം നൽകി ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രളയ ബാധിത മേഖലകളിലെ പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ സംസ്ഥാനങ്ങളിൽ നിന്നുളള അറിയിപ്പ് കാത്തിരിക്കേണ്ട ആവശ്യമില്ല. ഇന്റർ മിനിസ്റ്റീരിയൽ സെൻട്രൽ ടീമിനോട് ( ഐ എം സി ടി) എത്രയും വേഗം പ്രളയ ബാധിത മേഖലകളിലെ പ്രശ്‌നം പഠിക്കാൻ സംഘത്തെ അയക്കാൻ അമിത് ഷാ ആവശ്യപ്പെട്ടു.
ആസാം, മേഖാലയ,ത്രിപുര, ബിഹാർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര,കർണ്ണാടക, കേരളം തുടങ്ങി പ്രളയ ബാധിത സംസ്ഥാനങ്ങൾ സന്ദർശിക്കാനാണ് ഐ എം സി ടിയ്ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
അമിത്ഷായുടെ അധ്യക്ഷതയിൽ നടന്ന ഉന്നത അധികാര യോഗത്തിലാണ് തീരുമാനം. എന്ത് പ്രകൃതി ദുരന്തങ്ങൾ സംഭവിച്ചാലും സംസ്ഥാനങ്ങളുടെ റിപ്പോർട്ട് കിട്ടാൻ കാത്ത് നിൽക്കാതെ പ്രവർത്തിക്കണമെന്ന് അമിത്ഷാ ആവശ്യപ്പെട്ടു. പ്രകൃതി ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്താൽ എത്രയും വേഗം കേന്ദ്ര സംഘം സ്ഥലം സന്ദർശിക്കണം. ദുരന്ത ബാധിത മേഖലകളിലെ നഷ്ടങ്ങൾ മനസ്സിലാക്കി ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംസ്ഥാന ഭരണകൂടവുമായി ചേർന്ന് നടത്തണം. പിന്നീട് സർക്കാരുകൾ നിവേദനം സമർപ്പിച്ചതിന് ശേഷവും നാശ നഷ്ടങ്ങൾ വിലയിരുത്താൻ ഒരു സന്ദർശനം കൂടി നടത്തണം.അങ്ങനെ രണ്ട് തവണയുളള സന്ദർശനത്തിന് സംസ്ഥാനത്തിന് അധികമായി ആവശ്യമായി വരുന്ന ഫണ്ട് നൽകണം. ഇപ്പോൾ സംസ്ഥാനത്തിന്‍റെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമാണ് കേന്ദ്ര സംഘം സന്ദർശനം നടത്തുന്നത്. ഇതു പോരാ എന്ന് അമിത് ഷാ ഓർമ്മപ്പെടുത്തി.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ പ്രളയ പ്രശ്‌നങ്ങളിൽ എല്ലാവരും ഒരുമിച്ചുളള രക്ഷാപ്രവർത്തനം ആണ് നടന്നത്. എൻ ഡി ആർ എഫ്, എയർ ഫോഴ്‌സ്, നേവി, കോസ്റ്റ് ഗാർഡ് എന്നിവർ ചേർന്ന് 1,53,000 ആളുകളെ രക്ഷപ്പെടുത്തി. പ്രളയത്തിന് ശേഷം ഓരോ സംസ്ഥാനത്തിന്റെയും സ്ഥിതിഗതികൾ നിരീക്ഷിക്കണമെന്നും അമിത് ഷാ പറഞ്ഞു

