കശ്മീര്‍- അമിത് ഷാ ആഭ്യന്തരമന്ത്രിയായതിന് ശേഷം കശ്മീരില്‍ കാര്യങ്ങളെല്ലാം ശരവേഗത്തിലാണ്. കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം, ഭീകരര്‍ക്കെതിരായ പോരാട്ടം ശക്തമാക്കല്‍, സുരക്ഷയ്ക്കായി കൂടുതല്‍ സൈന്യത്തെ വിന്യസിക്കല്‍ തുടങ്ങി കശ്മീരില്‍ വലിയ മുന്നേറ്റമാണ് നടക്കുന്നത്. മാസങ്ങള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കാനാണ് തിടുക്കത്തിലുള്ള നടപടികള്‍. താഴ്വരയില്‍ ഏത് വിധേനയും സമാധാനം കൊണ്ടു വരിക എന്ന ലക്ഷ്യം വച്ചാണ് പതിനായിരം സൈനികരെ കശ്മീരില്‍ വിന്യസിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
എന്നാല്‍ ബിജെപിയുടെയും കേന്ദ്ര സര്‍ക്കാരിന്‍റെയും നീക്കം കശ്മീരിലെ പ്രാദേശിക കക്ഷികളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. കൂടുതല്‍ സൈനികരെ വിന്യാസിക്കാനുള്ള നീക്കത്തിനെതിരെ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി രംഗത്തെത്തിയത്. ഈ നീക്കം ഒന്നിച്ച് നിന്ന് തടയണമെന്നാണ് മുഫ്തിയുടെ ആഹ്വാനം.ഒരുകാരണവശാലും ബി.ജെ.പിയെ സീറ്റ് നേടാന്‍ അനുവദിക്കരുതെന്നും പ്രതിരോധിക്കണമെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള പാര്‍ട്ടി പ്രവര്‍ത്തകരോടു പറഞ്ഞു.
നിലവില്‍ സംസ്ഥാനത്തു രാഷ്ട്രപതി ഭരണമാണ്. ഈമാസം ആദ്യമാണ് ആറുമാസത്തേക്കു കൂടി രാഷ്ട്രപതി ഭരണം നീട്ടിയത്. ഒരുവര്‍ഷത്തോളമായി നീണ്ടുപോകുന്ന ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് ഈ വര്‍ഷം ഒക്ടോബറില്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്തമാസം അവസാനിക്കുന്ന അമര്‍നാഥ് തീര്‍ഥാടനത്തിനുശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

