Friday, December 12, 2025

ആരാകും ബാഹുബലി? മനം മാറ്റത്തിന്റെ രാഷ്ട്രീയം അലയടിക്കുന്ന ആന്ധ്രയും തെലങ്കാനയും

മനംമാറ്റത്തിന്റെ രാഷ്ട്രീയം എപ്പോഴും അലയടിച്ചുക്കൊണ്ടിരിക്കുന്ന രണ്ടു സംസ്ഥാനങ്ങളാണ് ആന്ധ്രയും തെലങ്കാനയും. തെലങ്കാന രാഷ്ട്ര സമിതി, തെലുങ്ക് ദേശം പാർട്ടി, വൈ എസ് ആർ കോൺഗ്രസ് എന്നീ മൂന്നു പ്രധാന രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കൾ ഇപ്പോൾ ദേശിയ രാഷ്ട്രീയത്തിൽ അതീവ തത്പരരാണ്. വൈ എസ് ആർ കോൺഗ്രസ് അധ്യക്ഷനായ ജഗൻമോഹൻ റെഡ്‌ഡി ആരംഭത്തിൽ കോൺഗ്രസിനോട് അയിത്തം കാട്ടിയെങ്കിലും ഇപ്പോൾ കോൺഗ്രസിനോട് മൃദു സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. കോൺഗ്രസ് പാർട്ടിയോട് യാതൊരു തരത്തിലുള്ള വിരോധവും ഇല്ലെന്നും ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നേടിക്കൊടുക്കുകയാണ് തനിക്കു പ്രധാനമെന്നും ജഗൻമോഹൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു ജഗൻമോഹന്റെ പ്രഖ്യാപനം.

ഈ അടുത്ത കാലം വരെ എൻ ഡി എയുമായി സഖ്യത്തിലായിരുന്നു തെലുങ്ക് ദേശം പാർട്ടി അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു. എന്നാൽ ചന്ദ്രബാബുവിന്റെ അവസരവാദ രാഷ്ട്രീയ നയങ്ങളിൽ ബിജെപി പ്രതിഷേധം അറിയിക്കുകയും അങ്ങനെ ബിജെപിയുമായുള്ള സഖ്യം ഇല്ലാതാവുകയും ചെയ്തു. എന്നാൽ കോൺഗ്രസുമായുള്ള സഖ്യസാധ്യതകളെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാറായിട്ടില്ലെന്ന് ചന്ദ്രബാബു നായിഡുവിന്റെ മകൻ നരാ ലോകേഷ് വ്യക്തമാക്കിക്കഴിഞ്ഞു. സഖ്യ സാധ്യതകളെക്കുറിച്ച് തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ തീരുമാനമുണ്ടാവുകയുള്ളൂവെന്നു ആന്ധ്രാപ്രദേശിന്റെ ഐ ടി മന്ത്രികൂടിയായ ലോകേഷ് പറയുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ചന്ദ്രബാബു നായിഡു വരുന്നതിനോട് ലോകേഷിനു ഇപ്പോഴും എതിർപ്പ് തന്നെയാണ്. 97യിൽ പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ലോകേഷിന്റെ അഭിപ്രായം സ്വീകരിച്ച് ചന്ദ്രബാബു നായിഡു അത് നിരസിക്കുകയായിരുന്നു.

പതിനേഴ് ലോക്സഭാ സീറ്റുകളുള്ള തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കും എന്ന ആത്മവിശ്വാസത്തിലാണ് തെലുങ്കാന രാഷ്ട്ര സമിതി നേതാവും സംസ്ഥാനത്തെ മുഖ്യമന്ത്രിയുമായ ചന്ദ്രശേഖർ റാവു. നിലവിൽ ആസാദുദ്ദിൻ ഒവൈസിയുടെ AIMIM മായി ചേർന്നാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. തെലുങ്കാന രാഷ്ട്ര സമിതിയും ബിജെപിയുമായുമുള്ള സഖ്യ സാധ്യതകളെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായി പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.

എന്നാൽ ആന്ധ്രയിലെയും തെലങ്കാനയിലെയും രാഷ്ട്രീയ സമവാക്യങ്ങൾ തിരുത്തിക്കൊണ്ട് തെലുങ്ക് നടൻ പവൻ കല്യാണിന്റെ ജനസേന പാർട്ടി മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടിയുമായി സഖ്യം രൂപീകരിച്ചു. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി മായാവതി ആകണമെന്ന് തെലങ്കാനയിലെ ജനങ്ങൾ അതിയായി ആഗ്രഹിക്കുന്നുണ്ടെന്ന് പ്രചാരണങ്ങളിൽ ഉടനീളം പവൻ കല്യാൺ പറയുന്നുണ്ട്. തെലങ്കാനയിൽ പവൻ കല്യാൺ മുഖ്യമന്ത്രി ആകണമെന്ന് ആഗ്രഹിക്കുന്നതായി മായാവതിയും അറിയിച്ചു കഴിഞ്ഞു. നിലവിൽ ഇടതുപക്ഷവുമായി ചേർന്നാണ് ജനസേനയുടെ പ്രവർത്തനം.

ലോക്സഭാ സീറ്റുകൾ

ആന്ധ്രപ്രദേശ് ; 25
തെലങ്കാന: 17

Related Articles

Latest Articles