Friday, December 26, 2025

ജോയിക്കായുള്ള കാത്തിരിപ്പിന് പിന്നാലെ കേരളം പ്രാർത്ഥനയോടെ അർജ്ജുന് വേണ്ടി കാത്തിരിക്കുന്നു; ഇന്നലെവരെ എഞ്ചിൻ പ്രവർത്തിച്ചിരുന്നുവെന്ന് ഭാരത് ബെൻസ്; രക്ഷാപ്രവർത്തനം മന്ദഗതിയിലെന്ന് കുടുംബം

കോഴിക്കോട്: തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ അപകടത്തിൽപ്പെട്ട ജോയിക്കായി കേരളം പ്രാർത്ഥനയോടെ കാത്തിരുന്നത് 48 മണിക്കൂറുകളായിരുന്നു. പിന്നാലെ അങ്കോള മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട കോഴിക്കോട് സ്വദേശി അർജ്ജുനായി കാത്തിരിക്കുകയാണ് കേരളം. പക്ഷെ കർണ്ണാടക സർക്കാരും എൻ ഡി ആർ എഫുമാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്. അർജ്ജുനും അദ്ദേഹം ഓടിച്ചിരുന്ന ലോറിയും മണ്ണിനടിയിൽപ്പെട്ടിട്ട് നാല് ദിവസമായെന്നാണ് സൂചന. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് ലോറിയുടെ എഞ്ചിൻ ഇന്നലെവരെ പ്രവർത്തിച്ചിരുന്നതായി ഭാരത് ബെൻസ് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്ന് രാവിലെയും വീട്ടുകാർ ബന്ധപ്പെട്ടപ്പോൾ അർജ്ജുന്റെ ഫോൺ റിംഗ് ചെയ്തിരുന്നു. ലോറിയുടമയും അർജ്ജുന്റെ ബന്ധുക്കളും അങ്കോളയിൽ അപകടം നടന്ന സ്ഥലത്ത് എത്തിയിട്ടുണ്ട്. ജിപിഎസ് സഹായത്തോടെയാണ് അർജ്ജുനും ലോറിയും അപകടത്തിൽ മണ്ണിനടിയിൽ കുടുങ്ങിയതായി ബന്ധുക്കൾ സ്ഥിരീകരിച്ചത്.

അതേസമയം രക്ഷാപ്രവർത്തനം മന്ദഗതിയിലാണെന്നും അധികൃതർ ഹൈവേ തടസം നീക്കുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും അർജ്ജുനെ രക്ഷിക്കാനുള്ള അപേക്ഷകൾ ചെവിക്കൊള്ളുന്നില്ലെന്നും കുടുംബം ആരോപിക്കുന്നുണ്ട്. എന്നാൽ കർണ്ണാടക മുഖ്യമന്ത്രി അടക്കം പ്രശ്നത്തിൽ ഇടപെടുന്നുണ്ടെന്നും പ്രതികൂല കാലാവസ്ഥ രക്ഷാ പ്രവർത്തനത്തിന് തടസ്സമാകുന്നുണ്ടെന്നും കർണ്ണാടക അധികൃതർ അറിയിക്കുന്നു. മണ്ണിടിച്ചിൽ ഇപ്പോഴും തുടരുന്നു എന്നതാണ് രക്ഷാ പ്രവർത്തകർക്ക് മുന്നിലെ തടസ്സം. അർജ്ജുൻ കുടുങ്ങിക്കിടക്കുന്നിടത്തെ മണ്ണുനീക്കിയാൽ കൂടുതൽ മണ്ണിടിയാനും സാധ്യതയുണ്ടെന്ന് രക്ഷാപ്രവർത്തന സംഘം പറയുന്നു. അതേസമയം രക്ഷാപ്രവർത്തനത്തിന് ഇന്ന് നേവി രംഗത്തിറങ്ങും എന്ന സൂചനയുമുണ്ട്.

Related Articles

Latest Articles