Sunday, January 4, 2026

അന്നയുടെ മരണം ! സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ ; നാല് ആഴ്ച്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് നിർദ്ദേശം

മുബൈയിലെ ഇ വൈ കമ്പനിയിലെ ജീവനക്കാരിയായിരുന്ന മലയാളി യുവതിയുടെ മരണത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. കടുത്ത ജോലി ഭാരമാണ് അന്ന സെബാസ്റ്റ്യന്‍റെ മരണത്തിന് കാരണമെന്നതിൽ അതീവ ആശങ്ക രേഖപ്പെടുത്തി. കേന്ദ്ര തൊഴിൽ മന്ത്രാലയത്തോട് വിശദമായ അന്വേഷണ റിപ്പോർട്ട് തേടിയ കമ്മീഷൻ നാല് ആഴ്ച്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം അന്ന സെബാസ്റ്റ്യന്‍റെ വീട്ടിലെത്തി ഇന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി കുടുംബത്തെ ആശ്വസിപ്പിച്ചിരുന്നു. സാമൂഹികമായ തിരുത്തൽ ആവശ്യമാണെന്നും പാര്‍ലമെന്‍റിൽ അന്നയുടെ മരണം വിഷയമായി വരുമെന്നും കേന്ദ്ര മന്ത്രി എന്നതിനപ്പുറം ഒരു അച്ഛൻ എന്ന നിലയിൽ പാർലമെന്റിൽ ഉന്നയിക്കുമെന്നും സുരേഷ് ഗോപി മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.

ഹൃദയാഘാതത്തെ തുടർന്ന് മരിച്ച അന്ന സെബാസ്റ്റ്യന്‍റെ അമ്മ കമ്പനി മേധാവിക്ക് അയച്ച കത്താണ് വലിയ ചർച്ചയായത്. അന്നയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ നിയമ നടപടികളിലേക്ക് ഇല്ല എന്ന നിലപാടിലാണ് കുടുംബം. സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ തലത്തിൽ ഇടപെടൽ ഉണ്ടാകണമെന്നാണ് ആവശ്യം. അന്നയുടെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളെപ്പറ്റി അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജെ കഴിഞ്ഞ ദിവസം ഉറപ്പ് നൽകിയിരുന്നു .

Related Articles

Latest Articles