സ്വപ്നങ്ങൾക്ക് അഗ്നിച്ചിറകുകളേകാൻ ഇന്ത്യൻ യുവത്വത്തെ നിരന്തരം പ്രചോദിപ്പിച്ച മുൻ രാഷ്‌ട്രപതിയും മിസൈൽ, പ്രതിരോധ ശാസ്ത്രജ്ഞനുമായ ഡോ. എ പി ജെ അബ്ദുൽ കലാമിന്റെ ഒമ്പതാമത് ചരമ വാർഷികം ആചരിക്കുകയാണ് രാജ്യം. “ഇന്ത്യയുടെ മിസൈൽ മാൻ” എന്നറിയപ്പെടുന്ന അദ്ദേഹം 2015 ജൂലൈ 27-നാണ് ഇഹാലോകവാസം വെടിഞ്ഞത്. അദ്ദേഹത്തിൻ്റെ ചരമവാർഷിക ദിനത്തിൽ പാർട്ടി ഭേദമന്യേ എല്ലാ രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും അദ്ദേഹത്തിനെ അനുസ്മരിച്ച് കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.
ബഹിരാകാശ, പ്രതിരോധ ഗവേഷണ രംഗത്ത് ഇന്ത്യ കൈവരിച്ച നാഴികക്കല്ലുകൾക്ക് ഡോ.എ.പി.ജെ അബ്ദുൾ
കലാം എക്കാലവും ഓർമ്മിക്കപ്പെടുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല, സമാജ്‌വാദി പാർട്ടി നേതാവ് പവൻ പാണ്ഡെ, കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ എന്നിവരും ഡോ.എപിജെ അബ്ദുൾ കലാമിൻ്റെ ചരമവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിച്ചു.

