ദില്ലി : നവരാത്രിയുടെ ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രചിച്ച മറ്റൊരു ഗാനം കൂടി പുറത്തിറങ്ങി. ‘മാദി’ എന്ന പുതിയ ഗര്‍ബ ഗാനം ദിവ്യ കുമാറാണ് ആലപിച്ചത്. മീറ്റ് ബ്രോസിന്റേതാണ് സംഗീതം. ഗാനം സമൂഹ മാദ്ധ്യമങ്ങളിലൂടെ അദ്ദേഹം പങ്കുവച്ചു. ശുഭകരമായ നവരാത്രി നമുക്കു മുന്നില്‍ വരുമ്പോള്‍, കഴിഞ്ഞ ആഴ്ചയില്‍ സ്വന്തമായെഴുതിയ ഒരു ഗര്‍ബ പാട്ട് പങ്കുവയ്ക്കുന്നതില്‍ സന്തോഷവാനാണെന്ന് അദ്ദേഹം സമൂഹ മാദ്ധ്യമമായ എക്‌സില്‍ കുറിച്ചു.
നാല് മിനിറ്റ് 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഗാനം, ഗുജറാത്തി ഭാഷയിലാണ് രചിച്ചിരിക്കുന്നത്. വഡോദരയില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയും ഗാനദൃശ്യങ്ങളില്‍ പശ്ചാത്തലമായി വരുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി രചിച്ച മറ്റൊരു നവരാത്രി ആഘോഷ ഗാനം ഇന്നലെ പുറത്തിറങ്ങിയിരുന്നു. തനിഷ്‌ക് ബാഗ്ചി സംഗീതം നൽകി ധ്വനി ഭാനുശാലിയാണ് ആ ഗാനം ആലപിച്ചത്. വർഷങ്ങൾക്ക് മുൻപ് പ്രധാനമന്ത്രി രചിച്ച ഈ ഗാനം മ്യൂസിക് ലേബലായ ജസ്റ്റ് മ്യൂസിക്കിന്‍റെ ബാനറിലാണ് വീഡിയോ ആല്‍ബമായി പുറത്തിറങ്ങിയത്. നിലവിൽ 15 ലക്ഷം കാഴ്ചക്കാരാണ് 54 സെക്കൻഡ് ദൈർഖ്യമുള്ള ഗാനത്തിന് ലഭിച്ചിരിക്കുന്നത്.
നവരാത്രിയോടനുബന്ധിച്ച് ഗുജറാത്തിലുള്ള വിശേഷചടങ്ങുകളും ആഘോഷങ്ങളുമെല്ലാം ഗര്‍ഭോ എന്ന പേരിലുള്ള നൃത്ത സംഗീത വീഡിയോ ആല്‍ബത്തിൽ ഉൾക്കൊള്ളിച്ചിരുന്നു. ഗുജറാത്തിലെ ഗര്‍ബ നൃത്തത്തിന്‍റെ ചുവടുകള്‍ക്കു ചേര്‍ന്ന രീതിയിലാണ് ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് .

