Sunday, December 14, 2025

പാക് അധീന കശ്മീരില്‍ സർക്കാർ വിരുദ്ധ പ്രതിഷേധം മൂന്നാം ദിനവും തുടരുന്നു; പാക് സൈനിക നടപടിയില്‍ എട്ട് സാധാരണക്കാർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ മൂന്നാം ദിവസവും തുടരുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ എട്ട് സാധാരണക്കാർ കൊല്ലപ്പെട്ടു. ഇതോടെ, കഴിഞ്ഞ 72 മണിക്കൂറിനിടെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി ഉയർന്നു. പ്രദേശത്തെ മൊത്തത്തിൽ സ്തംഭിപ്പിച്ചുകൊണ്ട് അവ്വാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങൾ നടക്കുന്നത്.

ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ഇന്ന് ധീർകോട്ട്, ബാഗ് ജില്ലകളിൽ നാല് പേർ വീതമാണ് മരിച്ചു. മുസഫറാബാദിലും മിർപൂരിലും രണ്ട് പേർ വീതം കൊല്ലപ്പെട്ടു. ചൊവ്വാഴ്ച മുസഫറാബാദിൽ രണ്ട് പേർ മരണപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. വിപണികളും കടകളും പ്രാദേശിക ബിസിനസ് സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നതിനാൽ മേഖല പൂർണ്ണമായും നിശ്ചലമായി. ഗതാഗത സംവിധാനങ്ങളെല്ലാം നിർത്തിവെച്ചിരിക്കുകയാണ്.

പ്രതിഷേധത്തിൻ്റെ ഭാഗമായി, പ്രകടനക്കാർ ഇന്ന് രാവിലെ മുസഫറാബാദിലേക്കുള്ള മാർച്ച് തടയാനായി പാലങ്ങളിൽ സ്ഥാപിച്ചിരുന്ന വലിയ ഷിപ്പിംഗ് കണ്ടെയ്‌നറുകൾ തള്ളി താഴെയുള്ള നദിയിലേക്ക് മറിച്ചിട്ടു. കനത്ത സുരക്ഷാ നടപടികൾക്കിടയിലും AAC-യുടെ ലോങ് മാർച്ച് തുടരുകയാണ്.

പാക് അധിനിവേശ പ്രാദേശിക ഭരണത്തെ ദുർബലപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടി, പാകിസ്ഥാനിൽ താമസിക്കുന്ന കാശ്മീരി അഭയാർഥികൾക്കായി നീക്കിവച്ചിരിക്കുന്ന 12 അസംബ്ലി സീറ്റുകൾ നിർത്തലാക്കുന്നത് ഉൾപ്പെടെ 38 ആവശ്യങ്ങളാണ് AAC മുന്നോട്ട് വെച്ചിരിക്കുന്നത്.

“70 വർഷത്തിലേറെയായി ഞങ്ങളുടെ ജനങ്ങൾക്ക് നിഷേധിക്കപ്പെട്ട മൗലികാവകാശങ്ങൾക്കുവേണ്ടിയാണ് ഞങ്ങളുടെ ഈ പ്രക്ഷോഭം. ഒന്നുകിൽ അവകാശങ്ങൾ ലഭ്യമാക്കുക, അല്ലെങ്കിൽ ജനങ്ങളുടെ രോഷം നേരിടുക,” AAC നേതാവ് ഷൗക്കത്ത് നവാസ് മിർ മുന്നറിയിപ്പ് നൽകി. ഇന്നത്തെ പണിമുടക്ക് ‘പ്ലാൻ എ’ മാത്രമാണെന്നും ജനങ്ങളുടെ ക്ഷമ നശിച്ചെന്നും അദ്ദേഹം പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഭരണകൂടത്തിന് താക്കീത് നൽകി. ‘പ്ലാൻ ഡി’ ഉൾപ്പെടെ കൂടുതൽ കടുത്ത നടപടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

പ്രതിഷേധങ്ങൾക്ക് മറുപടിയായി പാക് സർക്കാർ കനത്ത സൈനിക വിന്യാസമാണ് മേഖലയിൽ നടത്തിയത്. കനത്ത ആയുധധാരികളായ സൈനികരുടെ പട്രോളിംഗ് നഗരങ്ങളിലൂടെ നടത്തി. അയൽ സംസ്ഥാനമായ പഞ്ചാബിൽ നിന്ന് ആയിരക്കണക്കിന് സൈനികരെ PoK-യിലേക്ക് തിരിച്ചുവിട്ടു. കൂടാതെ, ഇസ്ലാമാബാദിൽ നിന്ന് 1,000 ഉദ്യോഗസ്ഥരെക്കൂടി അധികമായി അയച്ചിട്ടുണ്ട്. ഇൻ്റർനെറ്റ് സേവനങ്ങളും മേഖലയിൽ നിരോധിച്ചിരിക്കുകയാണ്.

ചൈനീസ് നിർമ്മിത LS-6 ലേസർ ഗൈഡഡ് ബോംബുകൾ ഉപയോഗിച്ച് പാകിസ്ഥാൻ എയർഫോഴ്സ് (PAF) J-17 യുദ്ധവിമാനങ്ങൾ ഖൈബർ പഖ്തൂൺഖ്വയിൽ നടത്തിയ വ്യോമാക്രമണത്തിൽ 30 സാധാരണക്കാർ കൊല്ലപ്പെട്ട ദാരുണമായ സംഭവത്തിന് പിന്നാലെയാണ് പാക് അധിനിവേശ കാശ്മീരിൽ ഈ പ്രതിഷേധങ്ങൾ ശക്തിപ്പെടുന്നത്

Related Articles

Latest Articles