തിരുവനന്തപുരം : ക്രിമിനല്‍ കേസുകളിൽ പ്രതികളായാല്‍ സർവകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ അഡ്മിഷന്‍ ലഭിക്കില്ലെന്ന ചരിത്രപരമായ തീരുമാനവുമായി കേരള സർവ്വകലാശാല വി സി ഡോ.മോഹൻ കുന്നുമ്മൽ മുന്നോട്ട് . വിഷയത്തില്‍ കോളേജുകള്‍ക്ക് വിസി സര്‍ക്കുലര്‍ അയച്ചു. പ്രവേശനം നേടുന്നവര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് സത്യവാങ്മൂലം നല്‍കണമെന്നും സര്‍ക്കുലറിലുണ്ട്. സത്യവാങ്മൂലത്തില്‍ നാല് ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കോളേജുകളില്‍ നിന്ന് ഡീബാര്‍ ചെയ്യപ്പെട്ടിട്ടുണ്ടോ? ക്രിമിനല്‍ കേസുകളില്‍ പ്രതികളാണോ? സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമ കേസുകളിലോ ക്രിമിനല്‍ കേസുകളിലോ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ? പരീക്ഷ ക്രമക്കേടിന് പെട്ടിട്ടുണ്ടോ? എന്നിവയായിരിക്കും ചോദ്യാവലിയിൽ ഉണ്ടായിരിക്കുക. ഈ ചോദ്യങ്ങള്‍ക്ക് പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ കർശനമായും മറുപടി നല്‍കണം. സര്‍ക്കുലര്‍ ലംഘിച്ചാല്‍ നടപടി കോളേജ് കൗണ്‍സിലിന് തീരുമാനിക്കാമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
പഠനം പാതിവസ്ക്സിയിൽ ഉപേക്ഷിച്ചവര്‍ സംഘടനാ പ്രവര്‍ത്തനം മാത്രം ലക്ഷ്യം വച്ച് കോഴ്‌സുകളില്‍ പുനഃപ്രവേശനം നേടുന്നത് ശ്രദ്ധയില്‍പപെട്ട പശ്ചാത്തലത്തിലാണ് തീരുമാനം. വിസി ഡോ. മോഹനന്‍ കുന്നുമ്മലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് ഉപസമിതിയാണ് തീരുമാനം എടുത്തത്. വാട്‌സ്ആപ്പിലൂടെ പരീക്ഷയിൽ കോപ്പിയടിച്ചതിനെത്തുടര്‍ന്ന് മൂന്ന് വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്യപ്പെട്ട കുട്ടി മറ്റൊരു വിഷയത്തില്‍ പുനഃപ്രവേശനം നേടിയത് കേരള സര്‍വകലാശാല റദ്ദാക്കിയിരുന്നു.
അതേസമയം, നടപടിയില്‍ പ്രതിഷേധമറിയിച്ച് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് രംഗത്തെത്തി. ചരിത്ര നിഷേധ ഉത്തരവുകള്‍ പൊതുജനങ്ങള്‍ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുമെന്ന് എസ്എഫ് ഐ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. വൈസ് ചാന്‍സലറുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും പി എസ് സഞ്ജീവ് പറഞ്ഞു.
‘അതേസമയം നവംബറില്‍ തീരുമാനിച്ചിരുന്ന സെനറ്റ് യോഗത്തിന് മുന്‍പേ പെട്ടെന്ന് സ്‌പെഷല്‍ സെനറ്റ് വിളിച്ചിട്ടുണ്ട്. ഒക്ടോബര്‍ നാലിനാണ് സ്‌പെഷ്യല്‍ സെനറ്റ് യോഗം വിളിച്ചിരിക്കുന്നത്. നവംബര്‍ ഒന്നിന് ആണ് സെനറ്റ് യോഗം വി.സി തീരുമാനിച്ചത്. ഇത് ഗവര്‍ണര്‍ക്ക് പങ്കെടുക്കാന്‍ ഉള്ള സൗകര്യം കൂടി കണക്കിലെടുത്തണെന്നാണ് സൂചന.

