ഹിമാചൽ പ്രദേശ് : യുദ്ധമേഖലയായ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ വിജയകരമായി നാട്ടിലെത്തിച്ച ഓപ്പറേഷൻ ഗംഗയുടെ വിജയത്തിൽ പ്രധാനമന്ത്രിയെ പുകഴ്ത്തി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. സംഘർഷ മേഖലയിൽ സുരക്ഷിത പാതയൊരുക്കൽ എളുപ്പമായിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സാധ്യമായത് എല്ലാം ചെയ്തു. റഷ്യയുടെയും യുക്രൈനിന്റെയും രാഷ്ട്രത്തലവന്മാരുമായി ചർച്ച നടത്തി. കേന്ദ്ര മന്ത്രിമാരെ യുക്രൈനിന്റെ അയൽ രാജ്യങ്ങളിലേക്കയച്ച് ഒഴിപ്പിക്കൽ വേഗത്തിലാക്കി” അദ്ദേഹം പറഞ്ഞു.
അതേസമയം ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി 17400 ഇന്ത്യക്കാർ നാട്ടിൽ തിരിച്ചെത്തിയതായി സിവിൽ വ്യോമയാന മന്ത്രാലയം അറിയിച്ചു. യുക്രൈനിലെ സുമിയിൽ സംഘർഷം കാരണം കുടുങ്ങിപ്പോയ ഇന്ത്യക്കാരെ രക്ഷിക്കുന്നതിനുള്ള ദൗത്യം പുരോഗമിക്കുകയാണ്.

