ഇസ്ലാമാബാദ് : പാക് സൈന്യം മതേതര സൈന്യമായി കണക്കാക്കപ്പെടുന്നില്ലെങ്കിലും 200ലധികം ഹിന്ദുക്കൾ വിവിധ റാങ്കുകളിൽ സേവനം ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ട്. രാജ്യത്തിന്റെ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പാർലമെന്റിൽ നൽകിയ വിവരമനുസരിച്ച് 200ലധികം ഹിന്ദുക്കൾ പാക് സൈന്യത്തിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, പാകിസ്ഥാനിലെ ഹിന്ദു ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ സൈന്യത്തിലെ അവരുടെ പ്രാതിനിധ്യം വളരെ കുറവാണ്.
2023-ലെ സെൻസസ് കണക്കുകൾ പ്രകാരം, പാകിസ്താനിൽ ഏകദേശം 52 ലക്ഷം ഹിന്ദുക്കളാണുള്ളത്. ഇത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 2.17 ശതമാനം വരും. ഔദ്യോഗിക കണക്കുകൾ പ്രകാരം, രാജ്യത്തെ ജനസംഖ്യാ പ്രാതിനിധ്യവുമായി താരതമ്യം ചെയ്യുമ്പോൾ സൈന്യത്തിൽ ഹിന്ദുക്കളുടെ എണ്ണം വളരെ കുറവാണ്.
പാക് സൈന്യത്തിൽ ഹിന്ദു സൈനികരുടെയും ഓഫീസർമാരുടെയും എണ്ണം കുറവാകാൻ പല കാരണങ്ങളുണ്ട്. ന്യൂനപക്ഷമായ ഹിന്ദു സമൂഹം നേരിടുന്ന മതപരമായ വിവേചനമാണ് ഇതിൽ ഏറ്റവും പ്രധാനം. കൂടാതെ, റിക്രൂട്ട്‌മെന്റ് പ്രക്രിയയിലെ ബുദ്ധിമുട്ടുകളും ന്യൂനപക്ഷങ്ങൾക്ക് ലഭ്യമായ പരിമിതമായ അവസരങ്ങളും ഈ കുറവിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. 2000-ന് മുൻപ് വരെ ഹിന്ദുക്കൾക്ക് പാക് സൈന്യത്തിൽ ചേരാൻ അനുമതിയുണ്ടായിരുന്നില്ല. അതിനുശേഷം വന്ന വലിയ പരിഷ്കാരങ്ങളിലൂടെയാണ് ഈ സമൂഹം സായുധ സേനയിൽ ചേരാനുള്ള അവകാശം നേടിയെടുത്തത്.
പ്രമുഖരായ ഹിന്ദു ഓഫീസർമാർ
ക്യാപ്റ്റൻ ഡാനിഷ്: പാക് സൈന്യത്തിൽ ചേരാൻ ഹിന്ദുക്കൾക്ക് അനുമതി ലഭിച്ച് ഏകദേശം അഞ്ച് വർഷങ്ങൾക്ക് ശേഷം, 2006-ൽ ക്യാപ്റ്റൻ ഡാനിഷ് രാജ്യത്തിന്റെ സൈനിക ചരിത്രത്തിലെ ആദ്യത്തെ ഹിന്ദു ഓഫീസറായി സ്ഥാനക്കയറ്റം നേടി.
മേജർ ഡോ. കൈലാഷ് കുമാർ, മേജർ ഡോ. അനിൽ കുമാർ: 2022-ൽ മേജർ ഡോ. കൈലാഷ് കുമാറും, മേജർ ഡോ. അനിൽ കുമാറും ലഫ്റ്റനന്റ് കേണൽ പദവിയിലേക്ക് ഉയർത്തപ്പെട്ടു. സൈന്യത്തിലെ ഉയർന്ന റാങ്കുകളിലേക്ക് പല ഹിന്ദുക്കളും കാലക്രമേണ ഉയർന്നിട്ടുണ്ട്.

