Friday, May 3, 2024
spot_img

ഫിഫ റാങ്കിങ്ങിൽ അർജന്റീനിയൻ വിപ്ലവം; മൂന്നാം,സ്ഥാനത്തേക്ക് വീണ് കാനറിപ്പട

ഫിഫ പുറത്തിറക്കിയ ഏറ്റവും പുതിയ ഫുട്ബോൾ റാങ്കിങിൽ ലോക ജേതാക്കളായ അർജന്റീന ഒന്നാമത് . 2022 ലോകകപ്പിൽ കിരീടം ചൂടിയതാണ് റാങ്കിങ്ങിൽ മുന്നോട്ട് കുതിക്കാൻ രാജ്യത്തിനെ സഹായിച്ചത്. ലോകകപ്പിൽ റണ്ണേഴ്‌സ് അപ്പായ ഫ്രാൻസാണ് റാങ്കിങ്ങിൽ രണ്ടാമത്. അതേസമയം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബ്രസീൽ മൂന്നാം സ്ഥാനത്തേക്ക് വീണു.

ആറ് വർഷങ്ങൾക്ക് ശേഷമാണ് അർജന്റീന ഫിഫ റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്. കഴിഞ്ഞ രാജ്യാന്തര ഇടവേളയിൽ പാനമക്ക് എതിരെയും കുറകാവോക്ക് എതിരെയുമുള്ള സൗഹൃദമത്സരങ്ങളിൽ മികച്ച ജയങ്ങൾ ടീം നേടിയതും റാങ്കിങിൽ മുന്നേറാൻ ടീമിനെ സഹായിച്ചു. കഴിഞ്ഞ തവണയുണ്ടായിരുന്ന പോയിന്റ് നിലയിൽ നിന്നും 2.55 പോയിന്റുകൾ ഉയർന്ന് 1840.93 പോയിന്റുകൾ നേടിയാണ് അർജന്റീന ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. 15.06 പോയിന്റുകൾ ഉയർന്ന് ഫ്രാൻസിന് രണ്ടാമെത്താൻ സാധിച്ചപ്പോൾ ബ്രസീലിന് 6.56 പോയിന്റുകൾ കുറഞ്ഞു

കഴിഞ്ഞ മാസം നടന്ന സൗഹൃദ മത്സരത്തിൽ ലോകകപ്പിലെ കറുത്ത കുതിരകളായിരുന്ന മൊറോക്കോയോടേറ്റ തോൽവിയും ബ്രസീലിനു തിരിച്ചടിയായി. ലോകകപ്പിൽ ക്രോയേഷ്യയോട് തോറ്റ് ക്വാർട്ടർ ഫൈനലിൽ ബ്രസീൽ പുറത്തായിരുന്നു.

അതേസമയം പുതിയ റാങ്കിങ്ങിൽ ഇന്ത്യൻ ദേശീയ ടീമും നേട്ടം കൈവരിച്ചു. 5 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 101 ആം റാങ്കിലേക്ക് ഇന്ത്യ ഉയർന്നു.

Related Articles

Latest Articles