ഇടുക്കി: ജനവാസമേഖലകളിൽ അരിക്കൊമ്പൻ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ഒഴിവാക്കാനായി നടത്തിയ മിഷൻ അരികൊമ്പൻ ഓപ്പറേഷൻ പരാജയത്തിലേക്ക്? ചിന്നക്കനാലിൽ നിന്ന് ഒഴിവാക്കിയ അരിക്കൊമ്പൻ തമിഴ്‌നാട്ടിലെ ജനവാസ കേന്ദ്രത്തിലേക്ക് കടന്നതായി സൂചന. തമിഴ്നാട് വനമേഖലയോടു ചേർന്ന്, ജനവാസമുള്ള മേഘമലയിൽ മൂന്നാം തവണയും അരിക്കൊമ്പനെത്തി. ഈ പ്രദേശത്ത് രാത്രിയും പകലും നിരീക്ഷണത്തിനായി തമിഴ്നാട് വനം വകുപ്പ് 120 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചു. മേഘമല, ഇരവിങ്കലാർ, മണലാർ മേഖലകളിൽ രാത്രി യാത്ര ഒഴിവാക്കണമെന്നു മുന്നറിയിപ്പും നൽകി. തുറന്നുവിട്ട സ്ഥലത്തുനിന്ന് ആന ഇതിനകം 40 കിലോമീറ്ററോളം സഞ്ചരിച്ചെന്നാണു കണക്ക്.
അരിക്കൊമ്പൻ വിലസി നടന്നിരുന്ന ചിന്നക്കനാലിലെ സാഹചര്യങ്ങൾക്കു സമാനമാണ് മേഘമലയിലേത്. വനാതിർത്തിയോടു ചേർന്ന് തേയിലത്തോട്ടം, ലയങ്ങൾ, തടാകം എന്നിവയ്ക്കു പുറമേ കാലാവസ്ഥയും ഏറക്കുറെ സമാനമാണ്. ഈ ഭാഗത്തെ വനത്തിൽ നിന്നു പുറത്തിറങ്ങിയാൽ ആനയ്ക്ക് തേയിലത്തോട്ടങ്ങളിലെത്താം. ഇവിടെ ജനസാന്ദ്രത കൂടുതലാണ്. റേഡിയോ കോളർ ഘടിപ്പിച്ചു എന്നതാ മാത്രമാണ് ഏക ആശ്വാസം. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ പ്രകാരം അരിക്കൊമ്പൻ ഇന്നലെ പകൽ പെരിയാർ വന്യജീവി സങ്കേതത്തിലായിരുന്നു. എന്നാൽ വൈകുന്നേരമായപ്പോൾ മണലാറിനും ഇരവിങ്കലാറിനും ഇടയിൽ ഉള്ളതായാണു സിഗ്നൽ. കഴിഞ്ഞ ദിവസം മേഘമലയിൽ തേയിലത്തോട്ടത്തിൽ നിന്നു കാട്ടിലേക്ക് അരിക്കൊമ്പൻ നടന്നു പോകുന്ന വിഡിയോ ദൃശ്യം പുറത്തുവന്നിരുന്നു. തമിഴ്‌നാട് കേരളാ വനംവകുപ്പുകൾ സംയുക്തമായി ആനയെ നിരീക്ഷിക്കുന്നതായാണ് സൂചന

