മണിമുത്താര്‍ : തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടി വച്ചുപിടിച്ച അരിക്കൊമ്പനെ മണിമുത്താറിന്റെ സമീപ വനമേഖലയില്‍ തുറന്നുവിടുന്നതിനെതിരേ പ്രതിഷേധം. ആനയെ കളക്കാട് മുണ്ടന്‍തുറൈ കടുവാസങ്കേതത്തിലെ മണിമുത്താര്‍ വനത്തില്‍ തുറന്നുവിടുന്നതില്‍ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തി. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞതിനെ തുടര്‍ന്ന് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
മണിമുത്താറില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ മാഞ്ചോല മേഖലയിൽ അരിക്കൊമ്പനെ തുറന്നുവിടുമെന്നാണ് വനംവകുപ്പ് പറയുന്നത്. എന്നാല്‍ മണിമുത്താറില്‍നിന്ന് വനമേഖലയായ മാഞ്ചോലയിലേക്ക് അരിക്കൊമ്പനെ വഹിക്കുന്ന ലോറിക്ക് കടന്നു പോകാൻ തക്കതായ വഴിയില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. അഞ്ച് കിലോമീറ്റര്‍ വരെ മാത്രമാണ് വാഹനഗതാഗതം സാധിക്കുകയെന്നും അവിടെ തുറന്നുവിടാനാണ് വനംവകുപ്പ് ശ്രമിക്കുന്നതെന്നുമാണ് ജനങ്ങളുടെ ആരോപിക്കുന്നത്.
ജനങ്ങള്‍ മുദ്രാവാക്യം വിളികളുമായി വഴിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനെത്തുടർന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

