കൊൽക്കത്ത : കൽക്കരി അഴിമതിക്കേസിൽ അന്വേഷണം നടക്കുന്നതിനിടെ , ദുബായിലേക്കു പോകാനെത്തിയ തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയുടെ ഭാര്യയെ കൊൽക്കത്ത വിമാനത്താവളത്തില്‍ തടഞ്ഞു. ദുബായിലേക്കു പോകാൻ ഇന്ന് രാവിലെ 7 മണിയോടെയാണ് രുജിരയും കുട്ടികളും നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്. യാത്രാവിവരം ദിവസങ്ങൾക്ക് മുൻപേ ഇഡിയെ അറിയിച്ചിരുന്നതായി രുജിരയുടെ അഭിഭാഷകൻ വ്യക്തമാക്കി.
കൽക്കരി അഴിമതിയുമായി ബന്ധപ്പെട്ട് രുജിര ബാനർജിയെ പല തവണ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും ചോദ്യം ചെയ്തിരുന്നു. ഒരു കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടിസ് ചൂണ്ടിക്കാട്ടിയാണ് രുജിരയെ തടഞ്ഞത്. എന്നാൽ വിദേശയാത്രയ്ക്ക് തടസ്സമില്ലെന്നു കോടതി ഉത്തരവുണ്ടെന്നാണ് രുജിരയുടെ അഭിഭാഷകന്റെ വാദം.

