തമിഴ്‌നാട് കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പൻ തിരികെ കാട് കയറുന്നതായി സൂചന. കുത്തനാച്ചി എന്ന സ്ഥലത്ത് അരിക്കൊമ്പൻ എത്തിയെന്നാണ് ജിപിഎസ് കോളറിലെ സിഗ്നലിൽ നിന്നുള്ള വിവരം. കമ്പത്തെ സുരുളിപ്പെട്ടി വെള്ളച്ചാട്ടത്തിന് അടുത്ത് നിന്ന് ആന നീങ്ങി. അരിക്കൊമ്പനെ ഇന്ന് വനംവകുപ്പിന് നേരിട്ട് കാണാനായിട്ടില്ല.ചുരുളി വെള്ളച്ചാട്ടത്തിന് സമീപം അരിക്കൊമ്പൻ എത്തിയപ്പോൾ മയക്കുവെടി വെക്കാനുള്ള സംഘവും സ്ഥലത്ത് എത്തിയിരുന്നു. കമ്പത്ത് നിരോധനാജ്ഞ തുടരുകയാണ്.
മയക്കുവെടി വെച്ച് പിടികൂടിയാൽ അരിക്കൊമ്പനെ മേഘമലയിലെ വെള്ളിമലയിലേക്കാകും മാറ്റുക.ശനിയാഴ്ച രാവിലെയാണ് അരിക്കൊമ്പൻ കമ്പം ടൗണിലിറങ്ങി ഭീതി പരത്തിയത്. രാത്രിയോടെ കൊമ്പൻ സുരുളിപ്പെട്ടി ഭാഗത്ത് എത്തി. കൃഷിയിടങ്ങളിലെ ഗേറ്റുകളും വേലികളും തകർത്ത ശേഷം സുരുളിപ്പെട്ടി വെള്ളച്ചാട്ടം ഭാഗത്തേക്ക് നീങ്ങുകയായിരുന്നു.

