പാലക്കാട്; ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ ഭാര്യയുടെ കൺമുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി അറസ്റ്റിലായി. നേരത്തേ അറസ്റ്റിലായ പ്രധാന പ്രതികളിൽ 2 പേരുടെ വിശദാംശങ്ങളും പൊലീസ് പുറത്തുവിട്ടു.
ഒറ്റപ്പാലം ചുനങ്ങാട് മനക്കൽ ഹൗസിൽ നിസാർ എന്ന് വിളിക്കുന്ന നിഷാദ് (37) ആണ് ഇന്നലെ അറസ്റ്റിലായത്. ഗൂഢാലോചന നടത്തിയതും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതുമായ കാര്യങ്ങൾ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ യൂണിറ്റ് പ്രസിഡന്റ് ആയ നിഷാദ് ആണ് ചെയ്തുകൊടുത്തതെന്ന് ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് അറിയിച്ചു. ഇയാളുടെ കൈവശമുണ്ടായിരുന്ന ഓട്ടോറിക്ഷയിലാണ് പ്രതികളെ രക്ഷപ്പെടുത്തിയത്.
കേസിലെ മുഖ്യപ്രതിയും സൂത്രധാരനും പ്രതികളെത്തിയ വാഹനത്തിന്റെ ഡ്രൈവറുമായിരുന്ന നെന്മാറ അടിപ്പെരണ്ട മന്നംകുളമ്പ് അബ്ദുൽ സലാം (30), കൊഴിഞ്ഞാമ്പാറ അത്തിക്കോട് പള്ളിമേട് ജാഫർ സാദിഖ് (31) എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നെങ്കിലും തുടരന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഇവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നില്ല. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഭാരവാഹികളായ ഇരുവരും കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരാണെന്നു പൊലീസ് വ്യക്തമാക്കി.

