മൊഹാലി: ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ബൗളറെന്ന എന്ന റെക്കോഡ് ഇനി രവിചന്ദ്ര അശ്വിന് സ്വന്തം. 434 വിക്കറ്റ് വീഴ്ത്തിയ കപില്‍ ദേവിനെ (Kapil Dev) മറികടന്നാണ് ആര്‍ അശ്വിന്‍ രണ്ടാം സ്ഥാനത്ത് എത്തിയത്. ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിലെ മൂന്നാം ദിനത്തിലാണ് പുതിയ നാഴികക്കല്ല് അശ്വൻ പിന്നിട്ടത്.
ശ്രീലങ്കയുടെ രണ്ടാം ഇന്നിംഗ്‌സില്‍ ചരിത് അസലങ്കയെ പുറത്താക്കി ടെസ്റ്റിലെ 435ാം വിക്കറ്റ് നേട്ടത്തോടെയാണ് അശ്വിന്‍ 434 വിക്കറ്റ് നേടിയ കപില്‍ദേവിനെ പിന്തള്ളി ടെസ്റ്റിലെ ഇന്ത്യന്‍ വിക്കറ്റ് വേട്ടക്കാരി രണ്ടാമനായത്. സാക്ഷാല്‍ അനില്‍ കുംബ്ലെ(619 വിക്കറ്റ്) മാത്രമേ ഇന്ത്യക്കാരായി അശ്വിന് മുന്നിലുള്ളൂ. ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ന്യൂസിലന്‍ഡ് ഇതിഹാസം റിച്ചാര്‍ഡ് ഹാര്‍ഡ്‌സിലെ മറികടന്ന് ഒന്‍പതാമെത്താന്‍ അശ്വിനായി.
അതേസമയം ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങിയ രവീന്ദ്ര ജഡേജയുടെ മികവിൽ ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടീം ഇന്ത്യക്ക് ഇന്നിങ്സിന്റെയും 222 റൺസിന്റെയും തിളക്കമാർന്ന ജയം. 400 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി ഫോളോ ഓൺ ചെയ്ത ശ്രീലങ്ക രണ്ടാം ഇന്നിങ്സിൽ 178 റൺസിന് എല്ലാവരും പുറത്തായി. മുൻ ക്യാപ്റ്റൻ വിരാട് കോലിയുടെ 100 ആമത് ടെസ്റ്റ് മത്സരമായിരുന്നു മൊഹാലിയിലേത്. രണ്ടു ദിവസത്തെ കളി പൂർണമായും ബാക്കിനിൽക്കെയാണ് ഇന്ത്യയുടെ അനായാസ വിജയം.

