മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലും അദ്ദേഹത്തിന്റെ അമ്മ ശാന്തകുമാരി അമ്മയും തമ്മിലുള്ള ബന്ധം ഒരു അമ്മയും മകനും എന്നതിലുപരി അങ്ങേയറ്റം വൈകാരികവും ആത്മീയവുമായ ഒന്നായിരുന്നു. മോഹൻലാൽ എന്ന വ്യക്തിയുടെയും നടന്റെയും വളർച്ചയിൽ അമ്മ നൽകിയ സ്വാധീനം അദ്ദേഹം പലവേദികളിലും നന്ദിയോടെ സ്മരിച്ചിട്ടുണ്ട്. തിരക്കുകൾക്കിടയിലും അമ്മയുടെ സാമീപ്യം ആഗ്രഹിച്ചിരുന്ന ഒരു മകനായിരുന്നു അദ്ദേഹം. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്ത് അമ്മയുടെ പ്രാർത്ഥനയും സ്നേഹവുമാണെന്ന് മോഹൻലാൽ എപ്പോഴും വിശ്വസിച്ചിരുന്നു. തിരുവനന്തപുരത്തെ ഒരു സാധാരണ കുടുംബത്തിൽ നിന്ന് ലാലിനെ കലാലോകത്തേക്ക് യാത്രയാക്കുമ്പോൾ ആ അമ്മയുടെ മനസ്സിലുണ്ടായിരുന്ന ആശങ്കകളും പിന്നീട് മകൻ കൈവരിച്ച നേട്ടങ്ങളിൽ അവർക്കുണ്ടായ അഭിമാനവും മലയാളികൾക്ക് എന്നും സുപരിചിതമാണ്.
അമ്മയുടെ ആരോഗ്യകാര്യങ്ങളിൽ മോഹൻലാൽ കാട്ടിയിരുന്ന ശ്രദ്ധയും കരുതലുമാണ് ആ ബന്ധത്തിന്റെ ആഴം വെളിപ്പെടുത്തുന്നത്. തന്റെ തിരക്കേറിയ ഷൂട്ടിംഗ് ഷെഡ്യൂളുകൾക്കിടയിലും മോഹൻലാൽ അമ്മയ്ക്കായി സമയം കണ്ടെത്തിയിരുന്നു. വിദേശയാത്രകൾക്കിടയിൽ പോലും ദിവസവും ഒന്നിലധികം തവണ വീട്ടിലേക്ക് വിളിച്ച് അമ്മയുടെ വിശേഷങ്ങൾ തിരക്കുമായിരുന്നു. കൊച്ചിയിലെ വീട്ടിൽ അമ്മയെ നോക്കാൻ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയ ലാൽ, തന്റെ ഒഴിവുസമയങ്ങളെല്ലാം അമ്മയോടൊപ്പം ചിലവഴിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നത്. വാക്കുകൾ കൊണ്ട് സംസാരിക്കാൻ ബുദ്ധിമുട്ടിയിരുന്ന കാലത്തും മകന്റെ സാന്നിധ്യം ആ അമ്മ തിരിച്ചറിഞ്ഞിരുന്നു.
ഏറ്റവും ഒടുവിൽ രാജ്യം ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കിയ ആദരിച്ചപ്പോഴും മോഹന്‍ലാല്‍ ആദ്യം ഓടിയെത്തിയത് അമ്മയുടെ അരികിലായിരുന്നു. മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ അമ്മയെക്കുറിച്ച് മോഹന്‍ലാല്‍ വികാരഭരിതനാകുന്നുണ്ട്.
”അമ്മ സംസാരിക്കുമ്പോള്‍ ഇപ്പോള്‍ ക്ലാരിറ്റിയില്ല. പക്ഷെ നമുക്ക് മനസിലാകും. പണ്ട് തിരുവനന്തപുരത്ത് ഷൂട്ട് ചെയ്യുമ്പോഴൊക്കെ അമ്മ വന്ന് നോക്കും. നീ എന്തിനാണ് ഇങ്ങനെ ഫൈറ്റ് ചെയ്യുന്നത് എന്നൊക്കെ ചോദിക്കും. വളരെ അപകടം പിടിച്ചതാണ് ഫൈറ്റ് സീനുകള്‍” മോഹന്‍ലാല്‍ പറയുന്നു.
”കാറോടിച്ച് പോകുമ്പോള്‍ എണ്‍പതും തൊണ്ണൂറും വയസുള്ള അമ്മമാര്‍ കുടയൊക്കെ പിടിച്ച് നടന്നു പോകുന്നതും ബസില്‍ കയറി പോകുന്നതുമൊക്കെ കാണുമ്പോള്‍ എന്റെ അമ്മയും ഇങ്ങനൊക്കെ തന്നെയാണ് ഇരിക്കേണ്ടിയിരുന്നത് എന്ന് ഞാന്‍ ചിന്തിക്കും. സംസാരിച്ചു കൊണ്ടിരിക്കെയാണ് പെട്ടെന്ന് അമ്മയ്ക്ക് വയ്യാതാകുന്നത്. ഇടി മിന്നല്‍ പോലെയായിരുന്നു” എന്നാണ് മോഹന്‍ലാല്‍ അന്ന് പറഞ്ഞത്.
എനിക്കൊരു ജലദോഷം വന്നാലെ പനി വന്നാലോ ആ സമയത്ത് അമ്മ വിളിക്കും. എന്തെങ്കിലും അപകടമുണ്ടായാല്‍ അമ്മയ്ക്ക് അറിയാന്‍ സാധിക്കും. അതൊരു ആത്മബന്ധമാണ്. അതുപോലെ അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഞാനുമറിയും എന്നും താരം അന്ന് പറഞ്ഞിരുന്നു. എളമക്കരയിലെ വസതിയില്‍ വച്ചായിരുന്നു മോഹന്‍ലാലിന്‍റെ അമ്മയുടെ അന്ത്യം.

