Sunday, January 11, 2026

ഭീകരവാദികളെ സഹായിക്കുന്ന പാകിസ്താനെ കരിമ്പട്ടികയില്‍ പെടുത്തി ഏഷ്യാ പസഫിക് ഗ്രൂപ്പ്

ദില്ലി: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാകിസ്താന്‌ കനത്ത തിരിച്ചടിയായി ഭീകരവാദത്തിന്‍റെ പേരില്‍ ആ രാജ്യത്തെ കരിമ്പട്ടികയില്‍ പെടുത്തി.

ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്‍റെ നിരീക്ഷണ ഏജന്‍സികളിലൊന്നായ ഏഷ്യാ പസഫിക് ഗ്രൂപ്പാണ് പാകിസ്താനെ കരിമ്പട്ടികയില്‍ ചേര്‍ത്തത്. ഭീകരവാദത്തിനും അതിന് സാമ്പത്തിക സഹായം നല്‍കുന്നതും തടയാന്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.

കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കല്‍ തുടങ്ങിയവ തടയാനായി നിര്‍ദ്ദേശിക്കപ്പെട്ട 40 നടപടികളില്‍ 32 എണ്ണവും നിശ്ചിത സമയപരിധിക്കുള്ളില്‍ പാകിസ്താന് പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്‍റെ മേഖലയിലെ സംഘടനയായ ഏഷ്യാ പസഫിക് ഗ്രൂപ്പ് കണ്ടെത്തിയിരുന്നു. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്‍റെ ഒമ്പത് മേഖലാ സംഘടനകളിലൊന്നാണ് ഏഷ്യാ പസഫിക് ഗ്രൂപ്പ്.

ഭീകരവാദത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കുന്നത്‌ തടയാന്‍ കര്‍ശന നടപടി എടുത്തില്ലെങ്കില്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുമെന്ന് കഴിഞ്ഞ ജൂണില്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് ഒക്ടോബര്‍ വരെയാണ് സമയപരിധി നല്‍കിയിരുന്നത്.

ഭീകരര്‍ക്കും ഭീകര സംഘടനകള്‍ക്കും എതിരെ ശക്തമായ നടപടി എടുക്കാന്‍ പാകിസ്താനെ നിര്‍ബന്ധിക്കുന്നതിനാണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് നടപടികള്‍ സ്വീകരിച്ചത്. മുന്നറിയിപ്പെന്നോണം പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. കരിമ്പട്ടികയില്‍ പെടുന്നതോടെ ആഗോള സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് പാകിസ്താന് കൂടുതല്‍ കടമ്പകള്‍ കടക്കേണ്ടിവരും.

Related Articles

Latest Articles