Thursday, December 25, 2025

നാശം വിതച്ചു പ്രളയം; മരിച്ചവരുടെ എണ്ണം നൂറ് കവിഞ്ഞു; പ്രളയം ബാധിച്ചത് 44 ലക്ഷം ജനങ്ങളെ

ഗുവാഹത്തി: ആസാമില്‍ മണ്‍സൂണ്‍ മഴയെ തുടര്‍ന്ന് ഉണ്ടായ പ്രളയത്തില്‍ നൂറില്‍ അധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി. 102 പേര്‍ മരിച്ചുവെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ഇന്നലെ ഒരു ദിവസം മാത്രം ജീവന്‍ നഷ്ടമായത് 12 പേര്‍ക്കാണ്. 33 ജില്ലകളിലായി 44 ലക്ഷം ആള്‍ക്കാരെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. 1.3 ലക്ഷം ആള്‍ക്കാര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്.

മൊറിഗൗണ്‍ ജില്ലയില്‍ അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. ബര്‍പെടയില്‍ നിന്നും അഞ്ചും സൗത്ത് സല്‍മാരയില്‍ നിന്നും രണ്ട് പേരുടെയും നല്‍ബരി, ധുബരി എന്നിവിടങ്ങളില്‍ നിന്നും ഒരോരുത്തരുടെയും മരണം ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ആസാം ദുരന്തനിവാരണ അതോറിറ്റിയാണ് ഇക്കാര്യം ബുള്ളറ്റിനിലൂടെ അറിയിച്ചത്. വെള്ളത്തിന്റെ അളവ് കുറയുന്നുണ്ടെന്നാണ് പുതിയ വിവരം. എന്നാല്‍ ജനജീവിതം പഴയപടിയാകണമെങ്കില്‍ ഇനിയും നാളുകളെടുക്കും. 3192 ഗ്രാമങ്ങളിലെ 1.79 ലക്ഷം ഹെക്ടര്‍ പ്രദേശം വെള്ളത്തിനടിയിലാണ്.

വെള്ളപ്പൊക്കം ബാധിച്ച സ്ഥലങ്ങളില്‍ കുടുങ്ങി പോയവര്‍ക്കായുള്ള ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും എത്തിക്കാന്‍ ശ്രമം നടക്കുകയാണ്. ദുരന്തനിവാരണ സേനയും ആര്‍മിയും രക്ഷാപ്രവര്‍ത്തനത്തിനും മറ്റുമായി രംഗത്തുണ്ട്. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ നിരവധിപേര്‍ സ്വന്തം വീടുപേക്ഷിച്ച്‌ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയത്. 689 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നതെന്നാണ് വിവരം.

ദുബ്രിയിലാണ് പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. ദുരന്തത്തെ നേരിടാന്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി 556 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. കരിസിംഗ ദേശീയോദ്യാനം, പോബിത്തോറ വന്യജീവി സങ്കേതം, ലോക്വ വന്യജീവി സങ്കേതം എന്നിവയെ പ്രളയം ബാധിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആസാം സര്‍ക്കാര്‍ ബീഹാറിന്റെ സഹായം തേടി. നിരവധി വന്യമൃഗങ്ങള്‍ ചത്തൊടുങ്ങി. കാണ്ടാമൃഗങ്ങള്‍, കടുവ തുടങ്ങിയവ ജനവാസ കേന്ദ്രങ്ങളില്‍ അഭയം പ്രാപിച്ചിരുന്നു.

Related Articles

Latest Articles