അസം: അസമിൽ കനത്ത മഴയിലും കൊടുങ്കാറ്റിലും ഇടിമിന്നലിലും മരിച്ചവരുടെ എണ്ണം 20 ആയി. ഇതുസംബന്ധിച്ച കൃത്യമായ കണക്ക് ദുരന്തനിവാരണ അതോറിറ്റിയാണ് പുറത്തുവിട്ടത്. മാർച്ച് അവസാനമുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഇടിമിന്നലിലുമാണ് മരണങ്ങളുണ്ടായത്. ഈ മാസം 14 മുതലാണ് കാറ്റും മിന്നലും ശക്തമായത്.
വ്യാഴാഴ്ച മുതൽ അസമിൽ കനത്ത മഴ തുടരുകയാണ്. അതുമൂലം അസമിലെ താഴ്ന്ന പ്രദേശങ്ങൾ മുഴുവനും വെള്ളത്തിനടിയിലായി. തുടർന്ന് നിരവധി വീടുകൾ തകർന്നു. പലരും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറി. 1,333 ഹെക്ടർ കൃഷിഭൂമി കഴിഞ്ഞ മൂന്ന് ദിവസമായി പെയ്യുന്ന ശക്തമായ വേനൽ മഴയിൽ നശിച്ചതായാണ് റിപ്പോർട്ട്.
കഴിഞ്ഞ രണ്ട് ദിവസത്തിൽ മാത്രം സംസ്ഥാനത്ത് 7378 കെട്ടിടങ്ങളാണ് നശിച്ചത്. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി സർക്കാർ രൂപീകരിച്ച സർക്കിൾ ലെവൽ ടാസ്‌ക് ഫോഴ്സ് വിശദമായ കണക്കുകൾ വിലയിരുത്തി വരികയാണ്.

