Sunday, May 19, 2024
spot_img

കെഎസ്ഇബി; ജീവനക്കാരുടെ സമരം തടയണമെന്ന ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: കെഎസ്ഇബി ജീവനക്കാരുടെ സമരം തടയണമെന്നാവശ്യപ്പെട്ടുളള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കോടതി ഇടപെട്ട് സമരം നടത്തുന്ന ഓഫീസേഴ്സ് അസോസിയേഷന്‍റെ അംഗീകാരം റദ്ദാക്കണമെന്നാണ് ആവശ്യം. അവശ്യസേവന നിയമത്തിന്‍റെ പരിധിയിൽ വരുന്നതാണ് വൈദ്യുതി വിതരണമെന്നും ഉദ്യോഗസ്ഥരുടെ സമരം ഉപഭോക്താക്കളെയാണ് ബാധിക്കുന്നതെന്നും ഹർജിയിലുണ്ട്. വയനാട് സ്വദേശിയായ അരുണാണ് ഹർജി നൽകിയത്.

അതേസമയം, കെഎസ്ഇബി ചെയർമാനും യൂണിയൻ നേതാക്കളും തമ്മിൽ തർക്കം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. വൈദ്യുതി ഭവൻ വളയൽ സമരമാണ് ഇന്ന് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ നടത്താനിരിക്കുന്നത്.

ഇന്നലെ തന്നെ ഉപരോധ സമരത്തിന് അനുമതി നിഷേധിച്ച് ചെയർമാൻ ഉത്തരവിറക്കിയിരുന്നു. ചെയർമാനെതിരായ ആരോപണം ലേഖനത്തിൽ ആവർത്തിച്ചതിന്‍റെ പേരിൽ അസോസിയേഷൻ പ്രസിഡന്‍റ് എം ജി സുരേഷ് കുമാറിനെതിരെ വീണ്ടും നടപടിക്കുള്ള ആലോചനയും മാനേജ്മെന്‍റ് തലത്തിൽ നടക്കുന്നതും പ്രശ്നം രൂക്ഷമാക്കുന്നുണ്ട്.

Related Articles

Latest Articles