Friday, May 3, 2024
spot_img

രാഷ്‌ട്രപതിയുടെ ബഹുമതി നേടി അസം പോലീസ്; ലോകത്തിലെ ഏറ്റവും പഴയ ഭീകരവിരുദ്ധ സേന; ഒരേ സമയം സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനമാണ് എന്ന് പ്രശംസിച്ച് അമിത് ഷാ

 

ഗുവാഹട്ടി: ഒരേ സമയം സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനമാണ് അസം പോലീസെന്ന് പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്തുത്യർഹ സേവനത്തിന് നൽകപ്പെടുന്ന രാഷ്‌ട്രപതിയുടെ ബഹുമതി അസം പോലീസിന് നൽകുന്ന ചടങ്ങിലാണ് അമിത് ഷാ അഭിനന്ദനം അറിയിച്ചത്. വടക്കുകിഴക്കൻ മേഖലയിലെ ഏറ്റവും പഴക്കമേറിയ പോലീസ് സേനാ വിഭാഗമാണ് അസം പോലീസെന്നും അമിത് ഷാ സേനയുടെ തുടക്കകാലം വിവരിച്ചുകൊണ്ട് പറഞ്ഞു. ‘200 വർഷത്തിലേറെയുള്ള ചരിത്രമാണ് അസം പോലീസിനുള്ളത്. ആ സേന പിന്നീട് രാജ്യരക്ഷയ്‌ക്കും ആഭ്യന്തര സുരക്ഷയ്‌ക്കും ഭീകതയ്‌ക്കെതിരായ പോരാട്ടത്തിനും ഒരു പോലെ പേരുകേട്ട വിഭാഗമായി എന്നതിൽ ഇന്ത്യയിലെ ഓരോ പൗരന്മാരും അഭിമാനിക്കുന്നു. ലോകത്തിലെ എല്ലാ പോലീസ് സേനയ്‌ക്കും അഭിമാനമാണ് അസം സേന. സ്വാതന്ത്ര്യത്തിന് മുമ്പ് രൂപീകരിക്കുമ്പോൾ 8000 പേർ ഉണ്ടായിരുന്ന സേന ഇന്ന് 70,000നു മുകളിൽ സേനാംഗങ്ങൾ ജോലി ചെയ്യുന്ന തരത്തിലേക്ക് മാറിക്കഴിഞ്ഞു’- അമിത് ഷാ പറഞ്ഞു.

കൂടാതെ ‘1826ൽ ബ്രിട്ടീഷ് ഭരണകൂടം തുടങ്ങിയതാണ് അസം പോലീസ്. ഇന്ന് ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഭീകരവിരുദ്ധ പോരാട്ടം നടത്തുന്ന സേനയെന്ന നേട്ടം അസം പോലീസിന് അവകാശപ്പെട്ടതാണ്. വിഭജന കാലഘട്ടത്തിലെ അഭയാർത്ഥി പ്രശ്‌നം, ബംഗ്ലാദേശ് യുദ്ധത്തിൽ നടത്തിയ പോരാട്ടം, നുഴഞ്ഞുകയറ്റക്കാർക്കെതിരായി തുടരുന്ന പോരാട്ടം, ഭീകരർക്കെതിരെ നടത്തുന്ന ശക്തമായ ചെറുത്തുനിൽപ്പ് തുടങ്ങി ഒരിക്കലും വിസ്മരിക്കാനാവാത്തവയാണ്. അസം പോലീസിന്റെ ചരിത്രം തന്നെ കേവലം ക്രമസമാധാന പാലനം എന്നതിലപ്പുറം അതിർത്തി സുരക്ഷയടക്കമുള്ള ദൗത്യങ്ങളാണെന്നും അത് ഇന്നും തുടരുകയാണ്’- അമിത് ഷാ ഓർമ്മിപ്പിച്ചു.അതേസമയം വടക്കുകിഴക്കൻ മേഖലയിൽ എന്നും പൊതുസമൂഹത്തിന് ഭീഷണിയായിരുന്ന ഉൾഫ, എൻ എസ് സി എൻ, എൻ ഡി എഫ് ഇ തുടങ്ങി നിരവധി നിരോധിത ഭീകരസംഘടനകൾക്കെതിരെ അസം പോലീസാണ് പോരാടിയത്. ഇതിനൊപ്പം രാജ്യത്തിന്റെ അതിർത്തി മേഖലകളിലെ നുഴഞ്ഞുകയറ്റമടക്കമുള്ള വിഷയത്തിൽ സൈന്യത്തിനൊപ്പം അസം പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത് സമാനതകളില്ലാത്ത പോരാട്ടമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ഓർമ്മിപ്പിച്ചു.

Related Articles

Latest Articles