Thursday, January 8, 2026

പെൻഷൻ വാങ്ങാൻ പോയ വയോധികക്കു നേരെ ആക്രമണം !മുഖത്ത് പെപ്പർ സ്പ്രേ അടിച്ച് സ്വർണം കവർന്നു ; പ്രതി പോലീസ് പിടിയിൽ

പെൻഷൻ വാങ്ങാൻ പോയ വയോധികക്കുനേരെ പേപ്പർ സ്പ്രേ അടിച്ച് സ്വർണം കവർന്നു .ഇടപ്പോണ്‍ ആറ്റുവ ചൈതന്യയില്‍ തുളസിയമ്മയുടെ സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. പ്രതി അടൂര്‍ മൂന്നാളം സഞ്ചിത് ഭവനില്‍ സഞ്ജിത്തിനെ പോലീസ് പിടികൂടി.പന്തളത്തെ ബാങ്കില്‍ വാര്‍ധക്യകാല പെന്‍ഷന്‍ വാങ്ങാന്‍ പോകാന്‍ ഇടപ്പോണ്‍ എ.വി. മുക്കില്‍ ബസ് കാത്തുനിന്ന തുളസിയമ്മയുടെ സമീപത്ത് സഞ്ജിത്ത് കാര്‍ കൊണ്ടുനിര്‍ത്തി പന്തളത്തേക്കുള്ള വഴി ചോദിച്ചു. വഴി പറഞ്ഞുകൊടുത്തപ്പോള്‍ പന്തളത്തേക്കാണെങ്കില്‍ കാറില്‍ കയറാന്‍ പറഞ്ഞു. വരുന്നില്ലെന്നു പറഞ്ഞിട്ടും നിര്‍ബന്ധിച്ച് കാറിന്റെ പിന്‍സീറ്റില്‍ കയറ്റി.

ചേരിക്കല്‍ ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ വയോധികയുടെ മുഖത്തേക്ക് മൂന്നു തവണ കുരുമുളക് സ്പ്രേ അടിച്ചു. മുഖം പൊത്തി ശ്വാസംമുട്ടിയിരുന്ന ഇവരുടെ സ്വര്‍ണമാല വലിച്ചുപൊട്ടിക്കാന്‍ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ കഴുത്തില്‍ കുത്തിപ്പിടിച്ച് കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി.
മൂന്നു പവന്റെ സ്വര്‍ണമാലയും ഒരു പവന്റെ സ്വര്‍ണവളയും ബലമായി ഊരിയെടുത്തു. ഇതിനുശേഷം മുന്നോട്ടുപോയ കാര്‍ റോഡരികില്‍ നിര്‍ത്തി വയോധികയെ തള്ളിയിറക്കി. ഇറങ്ങുന്നതിനിടെ കൈയിലിരുന്ന പേഴ്‌സും തട്ടിപ്പറിച്ചെടുത്തു. നൂറനാട് പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ കുടുക്കിയത്. സി.സി.ടി.വി. ക്യാമറയില്‍നിന്ന് പ്രതിവന്ന കാറിന്റെ നമ്പര്‍ കണ്ടെത്തി. തുടര്‍ന്ന്, അടൂരിലെത്തി കസ്റ്റഡിയിലെടുത്തു. ഇയാളുടെ വീട്ടില്‍നിന്നു സ്വര്‍ണാഭരണങ്ങളും കുരുമുളക് സ്പ്രേയും കണ്ടെടുത്തു. കാറും പിടിച്ചെടുത്തു.

Related Articles

Latest Articles