പാലക്കാട്: അട്ടപ്പാടി മധുവധക്കേസിൽ സാക്ഷികൾ എല്ലാം കൂറുമാറുന്ന പരമ്പര തുടരുന്നതിനെതിരെ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് മധുവിന്റെ കുടുംബം. മധുവിന്റെ അമ്മ മല്ലിയാണ് മണ്ണാർക്കാട് മുൻസിഫ് കോടതിയിൽ പരാതി നൽകിയത്. പലരുടേയും സ്വാധീനവും പ്രലോഭനവും ആണ് കൂറുമാറ്റത്തിന് വഴിയൊരുക്കിയത്. ചിലർ ഭീഷണിക്കും വഴങ്ങി. തങ്ങൾക്ക് നേരെയും ഭീഷണിയുണ്ട്. ഇതെല്ലാം പൊലീസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് അമ്മ മല്ലി പരാതിയുമായി രംഗത്തെത്തിയത്.
മധു കേസിൽ ഒരു സാക്ഷി കൂടി ഇന്നലെ കൂറു മാറിയിരുന്നു. പതിനെട്ടാം സാക്ഷി കാളി മൂപ്പനും കൂറുമാറിയതോടെ കേസിൽ മൊഴി മാറ്റിയവരുടെ എണ്ണം എട്ടായി. വനം വകുപ്പ് വാച്ചറായ കാളി മൂപ്പനും കൂറുമാറിയതോടെ പ്രതികൾക്കെതിരായുള്ള തെളിവുകളിൽ വിള്ളലേറ്റിരുന്നു. ഇതിന് മുമ്പും രണ്ട് വാച്ചർമാർ മൊഴി മാറ്റിയിരുന്നു. ഇവരെ വനംവകുപ്പ് ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു.
122 സാക്ഷികളാണ് കേസിൽ ആകെയുള്ളത്. ഇതിൽ 10 മുതൽ 17 വരെയുള്ള രഹസ്യമൊഴി നൽകിയ സാക്ഷികളുടെ വിസ്താരം പൂർത്തിയായി. ഇവരിൽ പതിമൂന്നാം സാക്ഷി സുരേഷ് മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. എഴുപേർ വിചാരണയ്ക്കിടെ രഹസ്യമൊഴി തിരുത്തിയിരുന്നു.

