Thursday, January 8, 2026

അട്ടപ്പാടി മധു വധക്കേസ്;പ്രതികൾക്കുള്ള ശിക്ഷാ വിധി ഇന്ന്

മണ്ണാർക്കാട്: ആൾക്കൂട്ട മർദനത്തെത്തുടർന്ന് വനവാസിയായ മധു കൊല്ലപ്പെട്ട കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കും. മണ്ണാർക്കാട് എസ്‌സി, എസ്‌ടി പ്രത്യേക കോടതിയാണ് ശിക്ഷ വിധിക്കുന്നത്. കേസിലെ 16 പ്രതികളിൽ 14 പേർ കുറ്റക്കാരാണെന്ന് കോടതി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം തെളിഞ്ഞതായി ജഡ്ജി കെ.എം രതീഷ് കുമാർ വിധി പ്രസ്താവത്തിൽ പറയുകയുണ്ടായി.

അതേസമയം നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുൾ കരീം എന്നിവർക്ക് അക്രമത്തിൽ നേരിട്ട് പങ്കില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. എന്നാൽ കോടതി വെറുതെ വിട്ട രണ്ട് പ്രതികളെ കൂടി കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ മാത്രമേ മധുവിനായി നടത്തിയ പോരാട്ടം പൂർണമായെന്ന് പറയാൻ പറ്റുകയുള്ളുവെന്ന് മധുവിന്റെ സഹോദരി പറഞ്ഞു.

Related Articles

Latest Articles