ഇന്ത്യ- പാകിസ്ഥാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന വ്യാജേന ഫോണിൽ വിളിച്ച് ഇന്ത്യയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ അടക്കമുള്ള ശേഖരിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിലായി. കോഴിക്കോട് നടക്കാവ് സ്വദേശി മുജീബ് റഹ്‌മാനാണ് പിടിയിലായത്.
ഇന്ന് രാവിലെ കോഴിക്കോട്ടുനിന്ന് പിടികൂടിയ ഇയാളെ കൊച്ചിയിലെത്തിച്ചു. ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ആൾമാറാട്ടത്തിന് പുറമെ, ഔദ്യോഗിക രഹസ്യ നിയമപ്രകാരവും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഇന്ത്യ-പാക് സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കെയാണ്, പ്രധാന മന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന വ്യാജേന ഫോണിൽ വിളിച്ച് ഐഎൻഎസ് വിക്രാന്തിനെ സംബന്ധിക്കുന്ന വിവരങ്ങൾ ശേഖരിക്കാൻ ശ്രമം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെയാണ് ഫോൺകോൾ ലഭിച്ചത്.
രാഘവ് എന്ന് പരിചയപ്പെടുത്തിക്കൊണ്ടുള്ള കോളിൽ, ഐഎൻഎസ് വിക്രാന്ത് ഇപ്പോൾ കൊച്ചിയിലുണ്ടോ, ഇല്ലെങ്കിൽ ഇപ്പോൾ കറന്റ് ലൊക്കേഷൻ എവിടെയാണ് തുടങ്ങിയ കാര്യങ്ങളാണ് ചോദിച്ചത്. സംശയം തോന്നിയ നാവികസേന ഉദ്യോഗസ്ഥർ ഉടൻ വിവരം പൊലീസിന് കൈമാറി. തുടർന്ന് ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് സ്വദേശിയിലേക്കെത്തിയത്.

