പാലക്കാട്: അട്ടപ്പാടിയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കോയമ്പത്തൂർ സ്വദേശിനി കസ്റ്റഡിയിൽ. അട്ടപ്പാടി മേലെമുള്ള സ്വദേശിനിയായ സംഗീതയുടെ പെണ്‍കുഞ്ഞിനെയാണ് കോട്ടത്തറ ആശുപത്രിയിൽ വച്ച് ഇന്ന് ഉച്ചയോടെ കോയമ്പത്തൂര്‍ സ്വദേശിനി നിമ്യ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംഗീത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തൊട്ടടുത്ത ബെഡിലുണ്ടായിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരിയായിരുന്നു നിമ്യ. സംഗീതയുമായി സൗഹൃദം സ്ഥാപിച്ച നിമ്യ സംഗീത ഭക്ഷണം വാങ്ങാനായി വാര്‍ഡില്‍ നിന്ന് പുറത്തുപോയ തക്കംനോക്കി കുഞ്ഞുമായി കടന്നുകളയുകയായിരുന്നു. തിരികെ മുറിയില്‍ എത്തിയപ്പോഴാണ് കുഞ്ഞിനെയും നിമ്യയേയും കാണാതായതായി മനസിലാക്കിയത്. ഉടന്‍ തന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ആനക്കല്‍ ഊരില്‍ നിന്നാണ് കുഞ്ഞിനെയും നിമ്യയേയും പോലീസ് കണ്ടെത്തിയത്. തുടർന്ന് പോലീസ് ആശുപത്രിയിലെത്തി കുഞ്ഞിനെ അമ്മയ്ക്ക് കൈമാറി. സംഭവത്തിനുപിന്നില്‍ ഏതെങ്കിലും സംഘം പ്രവര്‍ത്തിച്ചിരുന്നോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്.

