Thursday, December 18, 2025

കഴക്കൂട്ടത്ത് ഐടി ജീവനക്കാരിക്കെതിരായ പീഡനശ്രമം; പ്രതി ബെഞ്ചമിൻ ട്രക്ക് ഡ്രൈവർ; തമിഴ്‌നാട്ടിലും നിരവധി സ്ത്രീകളെ പീഡനത്തിനിരയാക്കിയതായി പോലീസ്; മധുരയിൽ നിന്ന് പ്രതിയെ പിടികൂടിയത് അതിസാഹസികമായി

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി ബെഞ്ചമിൻ മുമ്പും സമാന കേസുകളിൽ പ്രതിയാണെന്ന് പോലീസ്. തമിഴ്‌നാട് സ്വദേശിയായ ഇയാൾ ആദ്യമായാണ് ബെഞ്ചമിന്‍ കേരളത്തില്‍ എത്തുന്നതെന്നും ഇതിനുമുന്‍പ് തമിഴ്‌നാട്ടില്‍ പല സ്ത്രീകളേയും ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. തുടര്‍ന്ന് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യംചെയ്യലും തെളിവെടുപ്പും നടത്തും. ട്രക്ക് ഡ്രൈവറായ ഇയാള്‍ തമിഴ്നാട്ടില്‍ നിരവധി സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ട്. തെരുവില്‍ കഴിയുന്ന സ്ത്രീകളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയിരുന്നത്.

രാത്രി രണ്ടുമണിയോടെയാണ് കഴക്കൂട്ടത്തെ ഹോസ്റ്റലില്‍ കയറി ഐടി ജീവനക്കാരിയായ യുവതിയെ ബെഞ്ചമിന്‍ ഉപദ്രവിച്ചത്. സിസിടിവിയില്‍ വരാതിരിക്കാന്‍ സമീപത്തെ ഒരു വീട്ടില്‍നിന്ന് കുടയെടുത്ത് മുഖംമറച്ചായിരുന്നു ഹോസ്റ്റലില്‍ ഇയാള്‍ കയറിയത്. പീഡനശ്രമത്തിന് ശേഷം ആറ്റിങ്ങൽ ഭാഗത്തേക്കാണ് ബെഞ്ചമിന്‍ കടന്നത്. അവിടെനിന്ന് മധുരയിലേക്ക് രക്ഷപ്പെട്ടു.

ഹോസ്റ്റല്‍ പരിസരത്തെയും റോഡിലേയും സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ഹോസ്റ്റലിലെ പീഡനത്തിന് മുന്‍പ് സമീപത്തെ മൂന്ന് വീടുകളില്‍ ഇയാള്‍ മോഷണശ്രമം നടത്തിയിരുന്നു.മധുരയിൽ പോലീസ് പിന്തുടര്‍ന്ന് അടുത്തെത്തിയപ്പോള്‍ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന ബെഞ്ചമിന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പോലീസ് സംഘം സാഹസികമായി പിന്നാലെ ഓടിയാണ് ഇയാളെ പിടികൂടിയത്.

Related Articles

Latest Articles