Sunday, December 14, 2025

KSRTC ബസിലെ പീഡനശ്രമം; ഷാജഹാൻ 10 ക്രിമിനൽ കേസുകളിൽ പ്രതിയെന്ന് ഇൻ്റലിജൻസ് റിപ്പോര്‍ട്ട്; പ്രതിയെ സംരക്ഷിക്കാൻ വേണ്ടി ഒത്താശ ചെയ്തു നൽകിയ ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം വേണമെന്ന് ആവശ്യം

 

പത്തനംതിട്ട: കെഎസ്ആർടിസി സൂപ്പര്‍ ഡീലക്‌സ് ബസിൽ യാത്രക്കാരിയായ വിദ്യാർത്ഥിനിക്ക് നേരെ പീഡനശ്രമം നടത്തിയ ഡ്രൈവര്‍ കം കണ്ടക്ടര്‍ ഷാജഹാൻ, ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് സംസ്ഥാന സർക്കാരിന് ലഭിച്ചു. റിപ്പോർട്ട് പുറത്തു വന്നതിന് ശേഷമാണ് ഇയാളെ സസ്പെൻഡ് ചെയ്യാൻ ഗതാഗത വകുപ്പും കെഎസ്ആർടിസിയും കഴിഞ്ഞ ദിവസം തീരുമാനമെടുത്തത്. ജില്ലയിലെ നാല് സ്‌റ്റേഷനുകളിലായി പത്തു ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷാജഹാനെന്ന് ഈ ഇൻ്റലിജൻസ് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചിറ്റാർ സ്റ്റേഷൻ പരിധിയിൽ അഞ്ചു കേസുകളും, പത്തനംതിട്ട സ്റ്റേഷൻ പരിധിയിൽ രണ്ടും കോന്നിയിൽ ഒന്നും ഈരാറ്റുപേട്ട സ്റ്റേഷൻ, റാന്നി പെരുനാട് സ്റ്റേഷൻ എന്നിവിടങ്ങളിൽ ഓരോ കേസുമാണ് ഷാജഹാനെതിരെ നിലവിലുള്ളത്.

കൂടാതെ ഒരു കേസില്‍ ഷാജഹാൻ ശിക്ഷിക്കപ്പെട്ടതായും ഇൻ്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.അതേസമയം യാത്രക്കാരായ സ്ത്രീകളോടും വനിതാ കണ്ടക്ടർമാരോടും ഷാജഹാൻ മോശമായ രീതിയിൽ സംസാരിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ടെങ്കിലും, ഇയാളെ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സംരക്ഷിക്കുന്നതായാണ് ഉയരുന്ന ആരോപണം. എന്നാൽ യാത്രക്കാരിയുടെ പരാതി വിവാദമായതോടെയാണ് ഇയാളുടെ പേരിൽ നിലവിലുള്ള കേസുകളും, ആരോപണങ്ങളും പുറത്തുവന്നത്. ഇതോടെ, ഷാജഹാനെ സംരക്ഷിക്കാൻ വേണ്ടി ഒത്താശ ചെയ്തു നൽകിയ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട് ഇപ്പോൾ.

Related Articles

Latest Articles