സെന്റ് ജോൺസ് :ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയ്‌ക്കിടെ അപ്രത്യക്ഷമായ അന്തർവാഹിനിക്കായി തിരച്ചിൽ ഊർജിതമായി നടക്കുന്നതായി അമേരിക്കൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. അഞ്ച് യാത്രികരുമായി ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനായി കടലിന്റെ അടിത്തട്ടിലേക്കു നീങ്ങിയ, ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് എന്ന സ്വകാര്യ കമ്പനിയുടെ ‘ടൈറ്റൻ’ എന്ന അന്തർവാഹിനിയാണ് യാത്രയ്ക്കിടെ കാണാതായത്. അന്തർവാഹിനിയിലെ യാത്രക്കാരായ അഞ്ചു പേർക്ക് ജീവൻ നിലർത്താനുള്ള ഓക്സിജൻ കുറച്ചു സമയം കൂടി മാത്രമാണ് ബാക്കിയെന്നും അതല്ല ഓക്സിജൻ തീർന്നിരിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അന്തർവാഹിനിയെ കണ്ടെത്താൻ കടലിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിയ ഫ്രഞ്ച് നിർമ്മിത റോബട്ടിക് പേടകം വിക്ടർ 6000 തീവ്രമായി ശ്രമിക്കുകയാണ്. പേടകത്തിലുള്ളവരെ രക്ഷിക്കാൻ പരമാവധി ശ്രമിക്കുമെന്നും അമേരിക്കൻ കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.
ഫ്രഞ്ച് തീരത്തിനു സമീപമുള്ള ഇംഗ്ലിഷ് ചാനൽ ദ്വീപസമൂഹത്തിൽ ഒന്നായ ഗേൺസിയിലെ മഗെല്ലൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ജൂലിയറ്റ് എന്ന സമുദ്രാന്തര തിരച്ചിൽയാനവും അമേരിക്കൻ എയർക്രാഫ്റ്റിൽ രക്ഷാദൗത്യം നടക്കുന്നിടത്തേക്ക് ഉടനെത്തും.
19,600 അടി (6000 മീറ്റർ) താഴ്ചയിൽ വരെ തിരച്ചിൽ നടത്താൻ വിക്ടറിനു സാധിക്കും. അതെ സമയം സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് വീണ്ടും മുഴക്കം കേട്ടു എന്ന റിപ്പോർട്ട് പുറത്ത് വന്നു.

