ആറ്റുകാൽ പൊങ്കാലയ്ക്ക് പരിസമാപ്തി അടുത്ത പൊങ്കാലയ്ക്ക് എത്താമെന്ന് ആറ്റുകാലമ്മയ്ക്കു ഹൃദയം കൊണ്ട് വാക്കുനൽകി ഭക്തർ പിരിഞ്ഞു. ഉച്ച പൂജയ്ക്കു ശേഷമായിരുന്നു പൊങ്കാല നിവേദ്യം. നിവേദ്യ സമയത്ത് വ്യോമസേനയുടെ ഹെലികോപ്റ്റർ ആകാശത്തുനിന്നും പുഷ്പവൃഷ്ടി നടത്തി. കെഎസ്ആർടിസി സ്പെഷൽ സർവീസ് നടത്തുന്ന ബസുകളെ ആശ്രയിച്ചും ട്രെയിനിലും പതിനായിരക്കണക്കിന് സ്ത്രീകളാണ് വീടുകളിലേക്ക് മടങ്ങുന്നത്. നഗര ഹൃദയത്തിൽ മുന്നൂറിലധികവും ബസ് സർവീസുകളാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. പൊങ്കാല കഴിഞ്ഞു പോകുന്ന ഭക്തർക്ക് പൂർണ്ണമായും ഇരുന്ന് പോകാനാകുന്ന തരത്തിൽ തന്നെ അത്രയും ബസുകൾ ഒന്നിന് പിറകെ ബസ് സ്റ്റാൻഡിൽ തയ്യാറാക്കിയിരുന്നു. 500 ബസുകളാണ് പ്രത്യേക സർവീസ് നടത്തുന്നത്. 200 ദീർഘദൂര ബസുകളും ഇതിനായി തയ്യാറാണ്.
രാവിലെ 10നു പണ്ടാര അടുപ്പിൽ തീ കത്തിച്ചതോടെയാണ് സ്ത്രീലക്ഷങ്ങൾ വ്രതം നോറ്റ് കാത്തിരുന്ന ആറ്റുകാൽ പൊങ്കാലയ്ക്കു തുടക്കമായത്. തന്ത്രി തെക്കേടത്തു പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽനിന്നു ദീപം പകർന്നു മേൽശാന്തി ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരിക്ക് നൽകി. മേൽശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീകത്തിച്ച ശേഷം ദീപം സഹമേൽശാന്തിക്ക് കൈമാറി. പിന്നീടാണു വലിയ തിടപ്പള്ളിയിലും പണ്ടാര അടുപ്പിലും തീ കത്തിച്ചത്. തുടർന്ന് ക്ഷേത്രപരിസരത്തും നഗരത്തിലുമുള്ള പൊങ്കാല അടുപ്പുകളിലേക്കു തീ പകർന്നു.
രാത്രി 7.30നു നടക്കുന്ന കുത്തിയോട്ടത്തിനുള്ള ചൂരൽക്കുത്ത് ചടങ്ങാണ് ഉത്സവവുമായി ബന്ധപ്പെട്ട അടുത്ത പ്രധാന ചടങ്ങ്. രാത്രി 11നു മണക്കാട് ശാസ്തക്ഷേത്രത്തിലേക്കുള്ള ദേവിയുടെ പുറത്തെഴുന്നള്ളത്ത് തുടങ്ങും. തൃക്കടവൂർ ശിവരാജനാണ് ഭഗവതിയുടെ തിടമ്പേറ്റുന്നത്. കുത്തിയോട്ട ബാലന്മാർ എഴുന്നള്ളത്തിനെ അനുഗമിക്കും. എഴുന്നള്ളത്തിന് സായുധ പൊലീസിന്റെ അകമ്പടിയും വാദ്യമേളവുമുണ്ടാകും. നാളെ രാവിലെ എട്ടിന് തിരിച്ചെഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തും. രാത്രി കാപ്പഴിക്കും. പുലർച്ചെ 12.30ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.

