തിരുവനന്തപുരം: നാളെ നടക്കാനിരിക്കുന്ന ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കള്കടർ ഡോ.നവ്‌ജ്യോത്‌ഖോസ അറിയിച്ചു.
നാളെയാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. രാവിലെ 10.50 ഓടെ പണ്ടാര അടുപ്പിൽ തീ പകരും. ഇത്തവണയും കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാകും പൊങ്കാല സമർപ്പണം. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ട്രസ്റ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചത്. പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ക്ഷേത്ര പരിസരത്ത് പൊങ്കാല അനുവദിക്കില്ല. ഉച്ചക്ക് 1.20 ന് പൊങ്കാല നിവേദിക്കും. നിവേദ്യത്തിനായി ക്ഷേത്രത്തിൽ നിന്നും പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടില്ലെന്നും ട്രസ്റ്റ് അറിയിച്ചു. പണ്ടാര ഓട്ടം മാത്രമാണ് നടത്തുക. പുറത്ത് എഴുന്നെള്ളുന്ന സമയത്ത് പറയെടുപ്പ്, പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരിക്കില്ല. ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ജനങ്ങൾ പാലിക്കണം എന്നും ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

