അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല അടക്കമുള്ള ആക്‌സിയം -4 ദൗത്യസംഘം ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. 18 ദിവസത്തെ ബഹിരാകാശ വാസത്തിനുശേഷമാണ് വ്യോമസേനാ ഗ്രൂപ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഭൂമിയിലേക്ക് തിരിച്ചുവരുന്നത്. പേടകത്തിന്റെ ഫ്‌ളൈറ്റ് കമ്പ്യൂട്ടറാണ് മടക്കയാത്ര മുഴുവന്‍ നിയന്ത്രിക്കുന്നത്. നാല് ബഹിരാകാശ യാത്രികരും മടക്കയാത്രയ്ക്കിടെ നിര്‍ദ്ദേശങ്ങളൊന്നും നല്‍കേണ്ടതില്ല. പൂര്‍ണ്ണമായും സ്വയം നിയന്ത്രിച്ചാവും ഡ്രാഗണ്‍ ബഹിരാകാശ പേടകം ഭൂമിയിലേക്ക് മടങ്ങുക.
ഇന്ത്യന്‍ സമയം വൈകുന്നേരം 4.35-ന് ക്രൂ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്ന് അണ്‍ഡോക് ചെയ്തു. നാളെ വൈകുന്നേരം മൂന്ന് മണിയോടെ പേടകം കാലിഫോര്‍ണിയാ തീരത്തിനടുത്ത് പസഫിക് സമുദ്രത്തിൽ സ്പ്ലാഷ് ഡൗണ്‍ ചെയ്യും. അതിനുശേഷം യാത്രികരെ പേടകത്തില്‍നിന്ന് പുറത്തെത്തിച്ച് ബോട്ടുകളില്‍ പുനരധിവാസകേന്ദ്രത്തിലേക്ക് കൊണ്ടുപോകും. ഭൂഗുരുത്വവുമായി പൊരുത്തപ്പെടുന്നതിനായി ഏഴുദിവസം അവിടെ ചിലവഴിക്കും .

