Monday, December 29, 2025

നായകനായി വീണ്ടും ബാബു ആന്റണി; സാന്റാ മരിയ ഒരുങ്ങുന്നു

മലയാളത്തിന്റെ പ്രിയനടന്‍ ബാബു ആന്റണി ഒരിക്കല്‍ കൂടി നായകനായി എത്തുന്നു. സാന്റാ മരിയ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ വിനുവിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ക്രിസ്മസ് കാലമാണ് ചിത്രത്തിലെ പ്രമേയം. കൊച്ചി നഗരത്തില്‍ അപ്രതീക്ഷിതമായി ചില കൊലപാതകങ്ങള്‍ നടക്കുന്നു. അതിന്റെ അന്വേഷണം പൊലീസിന് തലവേദനയാകുന്നു. മാധ്യമങ്ങളടക്കം പൊലീസിനെതിരെ തിരിയുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

സംവിധായകനായ അമല്‍.കെ.ജോബിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഇടക്കാലത്ത് ചില വില്ലന്‍ വേഷങ്ങളിലും ചെറിയ വേഷങ്ങളിലും എത്തിയെങ്കിലും നീണ്ട ഇടവേളക്ക് ശേഷമാണ് നായകവേഷത്തില്‍ ബാബു ആന്റണി എത്തുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാര്‍ ആണ് ബാബു ആന്റണി നായകനാകുന്ന മറ്റൊരു ചിത്രം. മണിരത്‌നം ചിത്രം പൊന്നിയന്‍ സെല്‍വനിലും ബാബു ആന്റണി അഭിനയിക്കുന്നു.

ഡോണ്‍ ഗോഡ്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലീമോന്‍ ചിറ്റിലപ്പള്ളിയാണ് സാന്റാ മരിയ നിര്‍മിക്കുന്നത്. ഇര്‍ഷാദ് , അലന്‍സിയര്‍, റോണി ഡേവിഡ് രാജ്, വിജയ് നെല്ലിസ്, മഞ്ജു പിള്ള,അമേയ മാത്യു, ശാലിന്‍ സോയ, ഇടവേള ബാബു ,ശ്രീജയ നായര്‍ , സിനില്‍ സൈനുദ്ധീന്‍ എന്നിവരും മറ്റുവേഷത്തില്‍ എത്തുന്നു. ഛായാഗ്രഹണം -ഷിജു.എം.ഭാസ്‌കര്‍, സംഗീത സംവിധാനം കേദാര്‍.
കോ-ഡയറക്ടര്‍- വിവേക് പിള്ള, എഡിറ്റര്‍ ജോസ് അറുകാലില്‍ ആണ്. വസ്ത്രാലങ്കാരം സപ്ന ഫാത്തിമ , ചീഫ് അസ്സോസിയേറ്റ് കുടമാളൂര്‍ രാജാജി. നവംബറില്‍ കൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കും.

Related Articles

Latest Articles