മുംബൈ :ഏറെ വിവാദങ്ങൾക്കു ശേഷമാണ് ഷാരൂഖ് ഖാൻ ചിത്രം പത്താൻ തിയേറ്ററുകളിലെത്തിയത്. വിവാദങ്ങൾക്കിടയിലും ബോളിവുഡ് ചിത്രങ്ങളുടെ ഇന്ത്യന്‍ കളക്ഷനില്‍ പത്താം ദിനത്തില്‍ ഒന്നാമതെത്താൻ ചിത്രത്തിന് കഴിഞ്ഞിരുന്നു . ദംഗലിനെയാണ് ചിത്രം മറികടന്നത്. ഇപ്പോഴിതാ രസകരമായ ഒരു വീഡിയോ പങ്കുവച്ചുകൊണ്ട് രസകരമായ പ്രതികരണം നടത്തിയിരിക്കുകയാണ് ഷാരൂഖ് ഖാൻ.
ഒരു കുഞ്ഞു കുട്ടിയുടെ വീഡിയോ ആണിത്. ഏത് ചിത്രം കാണാനാണ് വന്നതെന്ന് രക്ഷിതാവ് ചോദിക്കുമ്പോള്‍ പത്താൻ എന്നാണ് കുഞ്ഞ് പറയാന്‍ ശ്രമിക്കുന്നത്. പടം ഇഷ്ടപ്പെട്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് തെളിച്ച് പറയുകയാണ് കുഞ്ഞ്. എന്തുകൊണ്ടാണ് ഇഷ്ടപ്പെടാതെ പോയെന്ന് രക്ഷിതാവ് ചോദിക്കുമ്പോൾ ചിരി മാത്രമാണ് മറുപടി. ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവച്ചുകൊണ്ടാണ് താരം രസകരമായ മറുപടി നൽകിയിരിക്കുന്നത് . ഓഹ്! ഇനിയും കഠിനാധ്വാനം ചെയ്യേണ്ടിയിരിക്കുന്നു. പ്രായത്തില്‍ ഇളയവരായ പ്രേക്ഷകരെ നിരാശരാക്കാന്‍ വയ്യ. രാജ്യത്തെ ചെറുപ്പക്കാരുടെ ചോദ്യമാണ്. ദയവായി അവളെ ഡിഡിഎല്‍ജെ കാട്ടിക്കൊടുക്കൂ. ചിലപ്പോള്‍ അവള്‍ക്ക് റൊമാന്‍റിക് ചിത്രങ്ങളാവും ഇഷ്ടം. കുട്ടികളെക്കുറിച്ച് നമുക്ക് ഒന്നും അറിയില്ല, എന്നാണ് ഷാരൂഖിന്‍റെ രസകരമായ ട്വീറ്റ്.

