Monday, May 13, 2024
spot_img

വരുമാനം വർധിപ്പിക്കാൻ ഇന്ധന വിലകൂട്ടിയ സർക്കാർ നടപടിക്ക് തിരിച്ചടി; ഇന്ധനം നിറയ്ക്കാൻ മറ്റു സംസ്ഥാനങ്ങളെയോ കേന്ദ്ര ഭരണ പ്രദേശങ്ങളെയോ ആശ്രയിച്ച് മലയാളികൾ; സംസ്ഥാനത്തെ ഇന്ധന വിൽപന ഇടിഞ്ഞു

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ‌വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പെട്രോളിനും ഡീസലിനും ലീറ്ററിന് 2 രൂപ വീതം വില കൂട്ടിയത്തോടെ സംസ്ഥാനത്തെ ഇന്ധന വിൽപനയിൽ ഇടിവ് രേഖപ്പെടുത്തി. സ്വകാര്യ വാഹനങ്ങൾ ഇന്ധന ഉപയോഗം കുറച്ചതും സാധാരണക്കാർക്കിടയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രിയം വർധിച്ചതും ചരക്കു വാഹനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നോ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നോ ഡീസൽ നിറയ്ക്കുന്നതു പതിവാക്കിയതും സംസ്ഥാനത്തെ ഇന്ധന വിലപ്പനയെ സാരമായി ബാധിച്ചു. വിൽപന ഇടിഞ്ഞതോടെ സ്വാഭാവികമായും നികുതിയിനത്തിൽ സർക്കാരിനു ലഭിക്കേണ്ട പണവും വെള്ളത്തിലായി.

ഇക്കഴിഞ്ഞ ഏപ്രിൽ 1 മുതലാണ് പെട്രോളിനും ഡീസലിനും 2 രൂപ വീതം സാമൂഹിക സുരക്ഷാ സെസ് സർക്കാർ ഏർപ്പെടുത്തിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 109.42 രൂപയുംഡീസലിന് 98.24 രൂപയുമായി വില ഉയർന്നു. ഈ മാർച്ചിൽ 21.21 കോടി ലീറ്റർ പെട്രോൾ വിറ്റഴിച്ചപ്പോൾ ഏപ്രിലിൽ വിൽപന 19.73 കോടി ലീറ്ററായി ഇടിഞ്ഞു. 1.48 കോടി ലീറ്ററിന്റെ കുറവാണുണ്ടായത്. ഡീസലിന്റെ കാര്യമാണ് അതിലും കഷ്ട്ടം. മാർച്ചിൽ 26.66 കോടി ലീറ്റർ വിറ്റെപ്പോൾ ഏപ്രിലിൽ 20.28 കോടിയായി കുറഞ്ഞു. 6.38 കോടി ലീറ്റർ കുറവ്.

ഒരു ലീറ്റർ പെട്രോളിന് 25 രൂപയും ഡീസലിന് 18 രൂപയുമാണ് സംസ്ഥാന സർക്കാർ ഈടാക്കുന്ന നികുതി. വിൽപന കുറ‍ഞ്ഞതു വഴി രണ്ടിലും കൂടി 150 കോടി രൂപയോളമാണു മാർച്ച്–ഏപ്രിൽ നികുതി വരുമാന വ്യത്യാസം.

സെസ് ഏർപ്പെടുത്തിയതോടെ സംസ്ഥാനാന്തര ചരക്കു വാഹനങ്ങൾ ഇന്ധനം നിറയ്ക്കുന്നതു മറ്റു സംസ്ഥാനങ്ങളിൽ നിന്നാക്കി. കെഎസ്ആർടിസി പോലും ഇപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് ഇന്ധനം നിറയ്ക്കുന്നത്.

Related Articles

Latest Articles