ബെംഗളൂരു : നിലവിലെ ചാംപ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിനെതിരെ തോൽവി വഴങ്ങി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പ്ലേ ഓഫിൽ നിന്ന് പുറത്തായതോടെ ഈ സീസണിൽ ഇനി വിരാട്– നവീൻ ഉൾ– ഹഖ് പോരാട്ടമുണ്ടാകില്ലെന്ന് ഉറപ്പായി. ഇന്നലത്തെ മത്സരത്തിൽ ബാംഗ്ലൂർ വിജയിച്ചിരുന്നെങ്കിൽ ബുധനാഴ്ച നടക്കുന്ന എലിമിനേറ്ററിൽ നവീന്റെ ടീമായ ലക്നൗ സൂപ്പർ ജയന്റ്്സാകുമായിരുന്നു ബാംഗ്ലൂരിന്റെ എതിരാളികൾ. മേയ് 1നു നടന്ന ബാംഗ്ലൂർ– ലക്നൗ മത്സരത്തിലാണ് വിരാട് കോഹ്ലിയും നവീൻ ഉൾ ഹഖും കളിക്കളത്തിൽ ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെ കോഹ്ലിയും ഗൗതം ഗംഭീറും തമ്മിലും തർക്കമുണ്ടായിരുന്നു. സംഭവത്തെത്തുടർന്ന് മൂന്ന് പേർക്കും ഐപിഎൽ സംഘാടകർ പിഴ ശിക്ഷയും നൽകിയിരുന്നു. പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിലും വിരാട് കോഹ്ലിയും നവീൻ ഉൾ ഹഖും ഏറ്റുമുട്ടി. പിന്നീട് നവീൻ ഉൾ ഹഖ് കളിക്കളത്തിലിറങ്ങുമ്പോഴെല്ലാം ആരാധകർ കോഹ്ലി ചാന്റ് മുഴക്കുവാൻ ആരംഭിച്ചു.
ജനപ്രിയമായ ‘പൊട്ടിച്ചിരി’ മീമാണ് ബാംഗ്ലൂർ തോൽവിക്കു പിന്നാലെ നവീൻ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയത്. ഇതു ബാംഗ്ലൂർ ടീമിനെയും വിരാട് കോലിയെയും പരിഹസിക്കുന്നതിനാണെന്നാണ് ആർസിബി ആരാധകരുടെ പക്ഷം. സ്റ്റോറിക്കെതിരെ വ്യാപക വിമർശനം ഉയർന്നതോടെ നവീൻ ഇതു ഡിലീറ്റ് ചെയ്തു.

