Sunday, December 14, 2025

യുഎഇയുമായുള്ള ട്വന്റി20 പരമ്പര തോറ്റ് തൊപ്പിയിട്ട് ബംഗ്ലാദേശ്!!!ടെസ്റ്റ് പദവിയുള്ള രാജ്യം യുഎഇയോട് പരമ്പര തോൽക്കുന്നത് ചരിത്രത്തിൽ ഇതാദ്യം

ലോകക്രിക്കറ്റിലെ കുഞ്ഞന്മാരായ യുഎഇയുമായുള്ള ട്വന്റി20 പരമ്പര തോറ്റ് തൊപ്പിയിട്ട് ബംഗ്ലാദേശ്. ടെസ്റ്റ് പദവിയുള്ള ഒരു ടീം ചരിത്രത്തിലാദ്യമായാണ് യുഎഇയോടു പരമ്പര തോൽക്കുന്നത്. 2-1 നാണ് യുഎഇ പരമ്പര സ്വന്തമാക്കിയത്.

ട്വന്റി20യിൽ രണ്ടു മത്സരങ്ങൾ മാത്രമാണ് ആദ്യമുണ്ടായിരുന്നത്. പരമ്പര 1–1ന് സമനിലയിലുമായിരുന്നു. എന്നാൽ ബംഗ്ലാദേശ് ടീമിന്റെ പാക് പര്യടനത്തിന്റെ കാര്യത്തിൽ തീരുമാനമാകാതിരുന്ന സാഹചര്യത്തിൽ
ഒരു മത്സരം കൂടി നടത്തിനോക്കാമെന്ന നിർദേശം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് മുന്നോട്ടു വയ്ക്കുകയായിരുന്നു. മൂന്നാം മത്സരത്തിൽ ഏഴു വിക്കറ്റ് വിജയമാണ് യുഎഇ നേടിയത്.

മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിൽ യുഎഇ 19.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു.
ഷാർജയിൽ നടന്ന മൂന്നാം മത്സരത്തിൽ ഓപ്പണര്‍ തൗഹിദ് ഹൃദോയ് (18 പന്തിൽ 40), ജേകർ അലി (34 പന്തിൽ 41) എന്നിവരാണ് ബംഗ്ലാദേശിനായി ബാറ്റിങ്ങിൽ തിളങ്ങിയത്. എന്നാൽ മറുപടി ബാറ്റിങ്ങിൽ യുഎഇയുടെ മലയാളി താരം അലിഷാൻ ഷറഫു അർധ സെഞ്ചറിയുമായി തകർത്തടിച്ചതോടെ ബംഗ്ലാദേശ് പ്രതിരോധത്തിലായി. 47 പന്തുകളിൽ മൂന്ന് സിക്സുകളും അഞ്ച് ഫോറുകളും ബൗണ്ടറി ക‍ടത്തിയ ഷറഫു 68 റൺസടിച്ച് പുറത്താകാതെനിന്നു. 26 പന്തുകൾ നേരിട്ട ആസിഫ് ഖാൻ 41 റൺസടിച്ചു.

പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് 27 റൺസ് വിജയം നേടിയിരുന്നു. എന്നാൽ രണ്ടാം ട്വന്റി20യിൽ രണ്ടു വിക്കറ്റ് വിജയവുമായി യുഎഇ പരമ്പരയിലേക്കു തിരിച്ചെത്തി. പരമ്പര 2–1ന് വിജയിച്ച് ട്രോഫി സ്വീകരിച്ച ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യവേ ബംഗ്ലാദേശിന്റെ പ്രശസ്തമായ നാഗിൻ -ആഘോഷ പ്രകടനം യുഎഇ ടീമിലെ ചില താരങ്ങൾ അനുകരിക്കുകയും ചെയ്തു. യുഎഇയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്. യുഎഇ താരങ്ങളുടെ ‘നാഗിൻ’ ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.

Related Articles

Latest Articles