ധാക്ക : ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയ്‌ക്കെതിരെ ആർമി മേധാവി വക്കർ-ഉസ്-സമൻ അട്ടിമറിക്ക് ഗൂഢാലോചന നടത്തിയെന്നും അമേരിക്കയുടെ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയുടെ (CIA) ഏജന്റായി പ്രവർത്തിച്ചെന്നുമുള്ള ഗുരുതരരോപണവുമായി ബംഗ്ലാദേശിന്റെ മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമൽ. പ്രസിദ്ധീകരിക്കാനിരിക്കുന്ന ‘ഇൻഷാ അള്ളാ ബംഗ്ലാദേശ്: ദി സ്റ്റോറി ഓഫ് ആൻ അൺഫിനിഷ്ഡ് റെവല്യൂഷൻ’ എന്ന പുസ്തകത്തിലാണ് കമലിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഉള്ളത്.
ഹസീനയെ അട്ടിമറിക്കാൻ വേണ്ടി ദീർഘകാലം ആസൂത്രണം ചെയ്ത ഒരു തികഞ്ഞ CIA ഗൂഢാലോചനയായിരുന്നു ഇതെന്നാണ് കമൽ ആരോപിക്കുന്നത്. “വക്കർ CIAയുടെ കീശയിലായിരുന്നുവെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല,” കമൽ പുസ്തകത്തിൽ പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബംഗ്ലാദേശിലെ പ്രധാന രഹസ്യാന്വേഷണ ഏജൻസികളായ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോഴ്‌സസ് ഇന്റലിജൻസും (DGFI), നാഷണൽ സെക്യൂരിറ്റി ഇന്റലിജൻസും (NSI) ഈ ഗൂഢാലോചനയെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് കമൽ അവകാശപ്പെട്ടു.ആർമി മേധാവി തന്നെ പ്രധാന ഗൂഢാലോചനക്കാരിൽ ഒരാളായിരുന്നു എന്ന കാര്യം തങ്ങൾ അറിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ജനറൽ വക്കർ-ഉസ്-സമൻ അവരുടെ ശമ്പളപ്പട്ടികയിലായിരുന്നു എന്ന് ഞങ്ങൾ അറിഞ്ഞില്ല. ബംഗ്ലാദേശിന്റെ പ്രാഥമിക പ്രതിരോധ രഹസ്യാന്വേഷണ ഏജൻസിയായ DGFI-യും പ്രധാന സിവിലിയൻ രഹസ്യാന്വേഷണ ഏജൻസിയായ NSI-യും വക്കർ പ്രധാനമന്ത്രിയെ ഒറ്റിക്കൊടുക്കാൻ തീരുമാനിച്ചതായി മുന്നറിയിപ്പ് നൽകിയില്ല. ഒരുപക്ഷേ അവരുടെ ഉന്നത മേധാവികളും ഈ ഗൂഢാലോചനയിൽ പങ്കാളികളായിരിക്കാം. ആർമി മേധാവി തന്നെ പ്രധാന ഗൂഢാലോചനക്കാരിൽ ഒരാളായിരിക്കെ എങ്ങനെ അവർ പങ്കാളികളാകാതിരിക്കും” – ഖാൻ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നു.
ഈ ഗൂഢാലോചനയ്ക്ക് പിന്നിലെ തന്ത്രപരമായ ലക്ഷ്യങ്ങൾ കമൽ വ്യക്തമാക്കുന്നുണ്ട്. ശക്തരായ ദക്ഷിണേഷ്യൻ നേതാക്കളുടെ സ്വാധീനം കുറയ്ക്കാൻ വാഷിംഗ്ടൺ ആഗ്രഹിക്കുന്നു എന്നതായിരുന്നു പ്രധാന കാരണം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് എന്നിവർക്കൊപ്പം ഹസീനയെയും ഈ ശക്തരായ നേതാക്കളുടെ പട്ടികയിൽ കമൽ ഉൾപ്പെടുത്തി.
“ഇന്ത്യയിലും ചൈനയിലും ബംഗ്ലാദേശിലും ഇത്രയും ശക്തരായ നേതാക്കൾ ഭരിച്ചാൽ CIA എങ്ങനെ പ്രവർത്തിക്കും? ദുർബലമായ സർക്കാരുകൾ ഉണ്ടെങ്കിൽ മാത്രമേ അമേരിക്കൻ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളൂ,” കമൽ പറയുന്നു.
ഇതിനൊരു ഉടനടിയുള്ള മറ്റൊരു കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് ബംഗാൾ ഉൾക്കടലിലെ സെന്റ് മാർട്ടിൻ ദ്വീപിന്റെ തന്ത്രപരവും സമുദ്രപരവുമായ പ്രാധാന്യമാണ്. ഈ ദ്വീപ് അമേരിക്കയ്ക്ക് കൈമാറിയില്ലെങ്കിൽ തനിക്ക് പ്രശ്‌നങ്ങളുണ്ടാകുമെന്ന് ഹസീന നേരത്തെ സൂചിപ്പിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.

