Sunday, June 16, 2024
spot_img

പണപ്പിരിവിന് നിർദ്ദേശം നൽകിയിട്ടില്ല ! അനിമോനെ ഇന്നലത്തെ യോഗത്തിൽ സസ്‌പെൻഡ് ചെയ്‌തെന്ന് ബാറുടമകളുടെ സംഘടന; 25 കോടിയുടെ അഴിമതിയെന്ന് പ്രതിപക്ഷം; സംസ്ഥാനത്ത് ബാർക്കോഴ വിവാദം 2.0 സജീവമാകുന്നു

തിരുവനന്തപുരം: തങ്ങളോട് ആരും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും, ആർക്കും പണം പിരിക്കാൻ നിർദ്ദേശം നൽകിയിട്ടില്ലെന്നും ബാറുടമകളുടെ സംഘടന പ്രസിഡന്റ് വി സുനിൽ കുമാർ. നേരത്തെ രണ്ടര ലക്ഷം വീതം മദ്യനയത്തിൽ ഇളവുകൾ കിട്ടാൻ നൽകണമെന്ന് ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്റെ ശബ്ദരേഖ പുറത്തായിരുന്നു. ഇത് ഗൂഡാലോചനയുടെ ഭാഗമാണെന്നും, സമാന്തര സംഘടനയുണ്ടാക്കാൻ ചില നീക്കങ്ങൾ നടക്കുന്നുവെന്നും വി സുനിൽകുമാർ അറിയിച്ചു. സംഘടനയ്ക്ക് തിരുവനന്തപുരത്ത് ഒരു ഓഫീസ് കെട്ടിടം പണിയാൻ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തെ എതിർക്കുന്ന ഒരു വിഭാഗമാണ് ഇപ്പോഴത്തെ വിവാദത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പുതിയ മദ്യനയം 25 കോടിയുടെ വമ്പൻ അഴിമതിയാണെന്നും എക്സൈസ് മന്ത്രി രാജിവയ്ക്കണമെന്നും കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അല്പസമയത്തിനുള്ളിൽ മാദ്ധ്യമങ്ങളെ കാണും. എന്നാൽ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട ചർച്ചകൾ ഒന്നും നടക്കുന്നില്ലെന്നും ഈ പേരിൽ ആരെങ്കിലും പണം പിരിക്കുന്നുണ്ടെങ്കിൽ അത് ഗൗരവമായി കാണുമെന്നും എക്സൈസ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. പ്രതിപക്ഷത്തിന്റെ രാജിയാവശ്യം തള്ളിയ അദ്ദേഹം നിയമസഭയിൽ കാണാമെന്ന് വെല്ലുവിളിക്കുകയും ചെയ്‌തു.

ഇന്ന് രാവിലെയാണ് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അനിമോൻറെ പ്രസ്താവന പുറത്തായത്. ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം ഒരാൾ രണ്ടര ലക്ഷം രൂപ നൽകണമെന്നാണ് ഇടുക്കി ജില്ലാ പ്രസിഡന്റ് ശബ്ദസന്ദേശത്തിൽ ആവശ്യപ്പെടുന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ് പിരിവെന്നും ഇടുക്കി ജില്ലാ പ്രസിഡന്റ് ബാർ ഉടമകൾക്ക് അയച്ച വാട്സാപ്പ് സന്ദേശത്തിൽ പറയുന്നു. ബാർ ഉടമകളുടെ സംഘടനയുടെ എക്സ്ക്യൂട്ടിവ് യോഗം കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്നിരുന്നു. യോഗസ്ഥലത്ത് നിന്നാണ് ശബ്ദസന്ദേശമയക്കുന്നതെന്നും അനിമോൻ പറയുന്നുണ്ട്. ഇടുക്കിയിൽ നിന്നും സംഘടനയിൽ അംഗമായവരുടെ വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് ശബ്ദസന്ദേശമെത്തിയത്. പിന്നീട് സന്ദേശം ഡിലീറ്റ് ചെയ്തു.

Related Articles

Latest Articles