തിരുവനന്തപുരം: കേരളമൊട്ടാകെ ഇന്നു മുതൽ ഇടിമിന്നലോടെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്യുന്നു. വടക്കൻ ജില്ലകളിൽ മഴ കുറവാകുമെങ്കിലും തെക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് മുതൽ ബുധനാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിലെ തെക്കുകിഴക്കു ഭാഗത്ത് പുതിയതായി രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്പെട്ട് പടിഞ്ഞാറൻ തീരത്തേക്ക് നീങ്ങിയിട്ടുണ്ട്. ഇത് തമിഴ്നാട് തീരം കടന്ന് കേരളത്തിലേക്കെത്തും. പിന്നീട്, അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് സൂചനയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ഡോക്ടർ സന്തോഷ് വ്യക്തമാക്കി. 48 മണിക്കൂറിനുള്ളിൽ ഇത് തീവ്ര ന്യൂനമർദ്ദമാകാനും സാധ്യതയുണ്ട്.
ശക്തമായ ഇടിമിന്നലും പ്രതീക്ഷിക്കണം. ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചാൽ, ബുറേവി എന്ന പേരിലായിരിക്കും അറിയപ്പെടുക. മാലദീപ് ആണ് ഈ പേര് നിർദ്ദേശിച്ചത്.