Wednesday, May 15, 2024
spot_img

തിരുവനന്തപുരത്ത് കിണറ്റിൽ വീണ കരടിയെ രക്ഷിക്കാനുള്ള പദ്ധതികൾ പാളി; മയക്കുവെടികൊണ്ട കരടി ആഴങ്ങളിൽ മുങ്ങിച്ചത്തു; ഒരു വന്യജീവിയുടെ ജീവനെടുത്തത് മയക്കുവെടി വീരന്മാരുടെ അമിത ആത്മവിശ്വാസം ?

തിരുവനന്തപുരം: കിണറ്റിൽവീണ കരടിയെ മയക്കുവെടിവച്ച് രക്ഷപെടുത്തനുള്ള ശ്രമം പാളി. കരടി കിണറ്റിലെ വെള്ളത്തിൽ വീണ് ചത്തു. വെള്ളത്തിന് മുകളിൽ കിണറ്റിലെ തൊടിയിൽ പിടിച്ചു നിന്നിരുന്ന കരടി മയക്കുവെടിയേറ്റതോടെ വെള്ളത്തിൽ വീണ് ആഴങ്ങളിലേക്ക് താഴ്ന്നു. അരമണിക്കൂറിനു ശേഷം ഫയർഫോഴ്‌സ് എത്തിയാണ് കരടിയെ പുറത്തെടുക്കാനായത്. അപ്പോഴേയ്ക്കും കരടി ചത്തിരുന്നു. ഇന്നലെയാണ് തിരുവനന്തപുരം ജില്ലയിലെ വെള്ളനാട്ട് കോഴിയെ പിടിക്കാൻ കരടിയെത്തിയതും കിണറ്റിൽ വീണുപോയതും. ഇന്ന് രാവിലെ കരടിയെ രക്ഷിക്കാൻ വനംവകുപ്പൊരുക്കിയ പദ്ധതിയാണ് പാളിയത്. തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഡോക്ടറെത്തിയാണ് കരടിയെ മയക്കുവെടിവച്ചത്. കരടി വെടിയേറ്റ് വെള്ളത്തിൽ വീഴാതിരിക്കാൻ സ്വീകരിച്ച മുൻകരുതലുകളിലാണ് പിഴവുണ്ടായത്.

അതേസമയം വനംവകുപ്പ് സംഘത്തിന്റെ രാക്ഷാപ്രവർത്തനത്തിൽ വന്ന പിഴവാണ് വന്യജീവിയുടെ ജീവനെടുത്തതെന്ന ആരോപണം ഉയരുന്നുണ്ട്. കിണറിന്റെ ആഴം കണക്കാക്കുന്നതിൽ പിഴവുണ്ടായെന്ന് മയക്കുവെടി വച്ച ഡോക്ടർ തന്നെ സമ്മതിച്ചിട്ടുണ്ട്. വെള്ളത്തിലേക്ക് വീഴാതെ തൊടിയിൽ കാലുറപ്പിച്ച് ശ്രദ്ധയോടെയായിരുന്നു കരടി നിന്നിരുന്നത്. കിണറിന് ആഴമുണ്ടെന്ന സൂചനയായിരുന്നു അത് പക്ഷെ വനംവകുപ്പിന്റെ അമിത ആത്മവിശ്വാസം പദ്ധതി പാളിപ്പോകാൻ കാരണമായി എന്ന് തന്നെ നാട്ടുകാർ ആരോപിക്കുന്നു. അതേസമയം വനപ്രദേശങ്ങളില്ലാത്ത വെള്ളനാട് പഞ്ചായത്തിൽ കരടി എത്തിയതെങ്ങനെ എന്ന ആശങ്കയിലാണ് നാട്ടുകാർ. എവിടെനിന്നാണ് കരടി ഈ ഭാഗത്തേക്ക് എത്തിയതെന്ന് വനംവകുപ്പിനും നിശ്ചയമില്ല. വേനൽക്കാലമായതോടെ വന്യമൃഗങ്ങൾ വനത്തിൽനിന്നും വിദൂര ഗ്രാമങ്ങളിലേക്ക് മൃഗങ്ങളെത്തുന്നതിന്റെ സൂചനയാണ് സംഭവം. മയിൽ, കുരങ്ങുകൾ തുടങ്ങിയ ജീവികൾ ഇപ്പോൾത്തന്നെ ഉൾനാടൻ ഗ്രാമങ്ങളിലേക്ക് ഈയിടെയായി ഇറങ്ങിവരുന്നുണ്ട്.

Related Articles

Latest Articles