Friday, January 2, 2026

യാത്രയിലുടനീളം ശ്രദ്ധേയമായത് പ്രധാനമന്ത്രിയുടെ വിനയം- ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലൂടെയുള്ള യാത്രാനുഭവം പങ്കിട്ട് ഡിസ്കവറി ചാനല്‍ അവതാരകന്‍ ബെയര്‍ ഗ്രിയില്‍സ്

വെയില്‍സ് : പ്രതിസന്ധികളുടെ നടുവിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ശാന്തനാണെന്ന് ഡിസ്കവറി ചാനലിലെ മാന്‍ വെര്‍സസ്സ് വൈല്‍ഡ് പ്രോഗ്രാം അവതാരകന്‍ ബെയര്‍ ഗ്രിയില്‍സ്. ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലൂടെ യാത്ര ആരംഭിക്കുമ്പോള്‍ പ്രതികൂല കാലാവസ്ഥയടക്കമുള്ള പ്രതിബന്ധങ്ങളെ ധൈര്യത്തോടെയാണ് പ്രധാനമന്ത്രി നേരിട്ടതെന്നു ബെയര്‍ ഗ്രിയില്‍സ് എ എന്‍ ഐക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

സാധാരണ നമ്മള്‍ രാഷ്ട്രീയക്കാരെ കാണുന്നത് ഒരു പോഡിയത്തിന് പിന്നില്‍ സ്യൂട്ടില്‍ മിടുക്കനായി നില്‍ക്കുന്നതാണ്. പക്ഷേ, കാട് എല്ലാവരോടും ഒരു പോലെയാണ് പെരുമാറുന്നത്. അവിടെ കാര്യക്ഷമതയ്ക്കും ധൈര്യത്തിനും ഐക്യത്തിനുമാണ് വില. കഠിനമായ പാതയും പേമാരിയും നമ്മുടെ ചിത്രീകരണത്തിന് ഒരു വെല്ലുവിളിയായിരുന്നു. ഞങ്ങള്‍ വളരെ ബുദ്ധിമുട്ടിലായിരുന്നപ്പോഴും പ്രധാനമന്ത്രി വളരെ ശാന്തനായിരുന്നു. ഞങ്ങളുടെ യാത്രയിലുടനീളം ഞാന്‍ അത് കണ്ടു. ഒരു പ്രതിസന്ധി ഉണ്ടാകുന്നതുവരെ ആരെയൊക്കെ എങ്ങനെയൊക്കെയാണെന്ന് നിങ്ങള്‍ക്ക് ഒരിക്കലും അറിയില്ല. ഒരു ലോകനേതാവ് എന്ന നിലയില്‍ പ്രധാനമന്ത്രി മോദി പ്രതിസന്ധിയിലും ശാന്തനാണ്.

യാത്രയിലുടനീളം ഏറ്റവും ശ്രദ്ധേയമായത് ആഗോള നേതാവിന്‍റെ വിനയമാണെന്ന് ഗ്രിയില്‍സ് പറഞ്ഞു. തുടര്‍ച്ചയായ മഴയില്‍ പോലും അദ്ദേഹത്തിന്‍റെ മുഖത്ത് ഒരു വലിയ പുഞ്ചിരി ഉണ്ടായിരുന്നു. 520 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ദേശീയ ഉദ്യാനം ഇന്ത്യയിലെ ചുരുക്കം കടുവ സങ്കേതങ്ങളില്‍ ഒന്നാണ്. അപൂര്‍വയിനം ഒട്ടേഴ്സ്, മുതലകള്‍ എന്നിവയെയും ഇവിടെ കാണാം. അദ്ദേഹത്തിന്‍റെ വിനയമാണ് എന്നെ അതിശയിപ്പിച്ചത്. തുടച്ചയായുള്ള മഴയെ തുടര്‍ന്ന് ക്രൂ അംഗങ്ങള്‍ കുടകളും മറ്റും എടുത്തെങ്കിലും അദ്ദേഹം അതെല്ലാം പുഞ്ചിരിയോടെ നിരസിച്ചു. തുടര്‍ന്ന് ഞങ്ങള്‍ ഒരു നദിയിലെത്തി. അതുകടക്കാനായി ഞാനുണ്ടാക്കിയ ചങ്ങാടത്തില്‍ വിശ്വാസ്യത പോരാത്തതിനാല്‍ പ്രധാനമന്ത്രിയെ കയറാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. എന്നാല്‍ ഞങ്ങള്‍ ഇത് ഒന്നിച്ച് ചെയ്യും എന്ന് ആത്മവിശ്വാസം നല്‍കി. പകുതി വഴിയെ മഴയില്‍ ചങ്ങാടം മുങ്ങി അദ്ദേഹം നനഞ്ഞു കുതിര്‍ന്നിട്ടും മുഖത്ത് ഒരു വലിയ പുഞ്ചിരി ഉണ്ടായിരുന്നുവെന്ന് ഗ്രിയില്‍സ് പറഞ്ഞു. പ്രതിബന്ധങ്ങള്‍ നമുക്ക് വ്യക്തികളെ മനസ്സിലാക്കി തരുന്നു.

ഈ എപ്പിസോഡില്‍ തികച്ചും വ്യത്യസ്തനായ പ്രധാനമന്ത്രിയെ കാണാന്‍ സാധിക്കും. കഴിഞ്ഞ മാസം, പ്രത്യേക എപ്പിസോഡിന്‍റെ 45 സെക്കന്‍ഡ് പ്രൊമോ ട്വിറ്ററില്‍ ഗ്രിയില്‍സ് പങ്കുവെച്ചിരുന്നു. ഓഗസ്ത് 12 തിങ്കളാഴ്ച രാത്രി 9 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള മാന്‍ വെസസ്സ് വൈല്‍ഡ് എപ്പിസോഡ് ഡിസ്കവറി ചാനല്‍ സംപ്രേക്ഷണം ചെയ്യും.

Related Articles

Latest Articles