Tuesday, September 22, 2026

പിതൃസ്വത്ത് തട്ടിയെടുത്ത് ഭൂമാഫിയ !! പെരുവഴിയിലായ മുൻ സൈനികന്റെ കുടുംബത്തിന് ഒടുവിൽ നീതി; യോഗി സർക്കാരിന് കയ്യടിച്ച് സോഷ്യൽ മീഡിയ

ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാനസിക വെല്ലുവിളികൾ നേരിടുന്ന അഞ്ജന എന്ന യുവതിയുടെ കണ്ണീരൊപ്പിയ മുഖ്യമന്ത്രിയുടെ ഇടപെടലും ലഖ്നൗ പൊലീസിന്റെ മിന്നൽ നീക്കവും ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. ഭൂമാഫിയകൾക്കെതിരെയുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ ഉദാഹരണമായി ഈ സംഭവം മാറിക്കഴിഞ്ഞു.

ഇന്ത്യൻ ആർമിയിൽ മേജറായി സേവനമനുഷ്ഠിച്ച പരേതനായ വിപിൻ ചന്ദ്ര ഭട്ടിന്റെ മകളാണ് അഞ്ജന. 1994-ൽ പിതാവ് മരിച്ചതിനെത്തുടർന്ന് അഞ്ജനയുടെ കുടുംബത്തിന് താങ്ങായിരുന്നത് ഇന്ദിരാ നഗറിലെ വീടായിരുന്നു. എന്നാൽ ക്രമേണ സഹോദരങ്ങളെയും നഷ്ടപ്പെട്ട അഞ്ജനയ്ക്ക് സിസോഫ്രീനിയ എന്ന മാനസികരോഗം ബാധിച്ചു. ഇതേത്തുടർന്ന് 2016 മുതൽ ഇവർ ഒരു പുനരധിവാസ കേന്ദ്രത്തിലായിരുന്നു താമസം. ഈ സാഹചര്യം മുതലെടുത്താണ് ഭൂമാഫിയ സംഘം വ്യാജരേഖകൾ ചമച്ച് അഞ്ജനയുടെ കോടികൾ വിലമതിക്കുന്ന വീട് കൈവശപ്പെടുത്തിയത്. ചന്ദൗലി സ്വദേശിയായ ബൽറാം യാദവും മനോജ് കുമാർ യാദവും ചേർന്ന് അഞ്ജനയുടെ വീട്ടിൽ തങ്ങളുടെ പേരുവിവരങ്ങൾ വെച്ച ബോർഡ് സ്ഥാപിക്കുകയും വീട് സ്വന്തം പേരിലേക്ക് മാറ്റുകയും ചെയ്തു.

ഡിസംബർ ആറിന് ഇവർക്കെതിരെ പോലീസിൽ പരാതി നൽകിയെങ്കിലും നടപടികൾ വൈകിയതിനെത്തുടർന്നാണ് അഞ്ജന മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നേരിട്ട് കാണാൻ തീരുമാനിച്ചത്. ഡിസംബർ 31-ന് വൈകുന്നേരം നടന്ന കൂടിക്കാഴ്ചയിൽ അഞ്ജന തന്റെ ദുരവസ്ഥ മുഖ്യമന്ത്രിയെ ബോധിപ്പിച്ചു. ഒരു സൈനികന്റെ മകൾ നേരിട്ട ഈ അനീതിയെക്കുറിച്ച് കേട്ടയുടൻ തന്നെ 24 മണിക്കൂറിനുള്ളിൽ വീട് തിരിച്ചുനൽകാൻ മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകി. മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടർന്ന് പോലീസ് ഉണർന്നു പ്രവർത്തിക്കുകയും വ്യാഴാഴ്ച രാവിലെ തന്നെ അഞ്ജനയെ വീട്ടിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു.

പോലീസിന്റെയും ആർമി ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയ അഞ്ജന വികാരാധീനയായാണ് കാണപ്പെട്ടത്. വീട്ടിലെ ഓരോ ഭിത്തിയിലും തൊട്ടും വിളക്ക് തെളിച്ചും തേങ്ങ ഉടച്ചും അവർ തന്റെ കുട്ടിക്കാല സ്മരണകൾ അയവിറക്കി. “നന്ദി യോഗി അങ്കിൾ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ” എന്ന് നിറകണ്ണുകളോടെ അവർ ആവർത്തിച്ചു പറഞ്ഞു. തന്റെ ഏറ്റവും ഇരുണ്ട കാലഘട്ടത്തിൽ സഹായവുമായെത്തിയത് മുഖ്യമന്ത്രിയാണെന്ന് അവർ നന്ദിയോടെ സ്മരിച്ചു. സംഭവത്തിൽ പ്രതികളായ ബൽവന്ത് കുമാർ യാദവിനെയും മനോജ് കുമാർ യാദവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അശരണർക്കും നീതി നിഷേധിക്കപ്പെടുന്നവർക്കും സർക്കാർ ഒപ്പമുണ്ടാകുമെന്ന വലിയ സന്ദേശമാണ് ഈ നടപടിയിലൂടെ മുഖ്യമന്ത്രി നൽകിയിരിക്കുന്നത്.

Related Articles

Latest Articles