ലോകപ്രശസ്ത പോപ്പ് ബാന്‍ഡായ ‘സിഗരറ്റ്‌സ് ആഫ്റ്റര്‍ സെക്‌സ്’-ന്റെ ബെംഗളൂരു ഷോ അവസാനനിമിഷം റദ്ദാക്കി. ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന ഷോയാണ് റദ്ദാക്കിയത്. വേദിയിലെ സാങ്കേതിക കാരണങ്ങളാല്‍ ഷോ റദ്ദാക്കുന്നുവെന്നാണ് ബാൻഡിന്റെ വിശദീകരണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നടക്കം പലരും ഷോയ്ക്കായി ബെംഗളൂരുവിലെത്തിയിരുന്നു.ബെംഗളൂരുവിലെ പ്രാദേശിക ഭരണകൂടത്തെയാണ് ഷോ റദ്ദാക്കിയതില്‍ ആരാധകര്‍ കുറ്റപ്പെടുത്തുന്നത്. ഷോ റദ്ദാക്കിയതിനാല്‍ ടിക്കറ്റ് തുക റീഫണ്ട് ചെയ്യുമെന്ന് അധികൃതരും ‘സിഗരറ്റ്‌സ് ആഫ്റ്റര്‍ സെക്‌സും’ അറിയിച്ചു. എട്ടോ പത്തോ പ്രവൃത്തിദിനങ്ങള്‍ക്കുള്ളില്‍ മുഴുവന്‍തുകയും റീഫണ്ട് ചെയ്യുമെന്നാണ് സംഘാടകര്‍ അറിയിച്ചത്.
ജനുവരി 24-ന് ഗുരുഗ്രാമിലും ജനുവരി 25-ന് മുംബൈയിലും ‘സിഗരറ്റ്‌സ് ആഫ്റ്റര്‍ സെക്‌സ്’ ഷോ അവതരിപ്പിച്ചിരുന്നു.. തങ്ങളുടെ ലോകപര്യടനത്തിന്റെ ഭാഗമായാണ് ‘സിഗരറ്റ്‌സ് ആഫ്റ്റര്‍ സെക്‌സ്’ ഇന്ത്യയിലും ഷോകള്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇനി ദുബായിലാണ് ബാന്‍ഡിന്റെ അടുത്ത ഷോകള്‍.

